പരാതി പറയാനെത്തി ഒടുവിൽ തർക്കത്തിനിടെ പൊലീസ് സ്റ്റേഷനിൽ വച്ച് 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ യുവാവ് അറസ്റ്റിൽ

0

നെടുങ്കണ്ടം: പരാതി പറയാനെത്തി ഒടുവിൽ തർക്കത്തിനിടെ പൊലീസ് സ്റ്റേഷനിൽ വച്ച് 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ യുവാവ് അറസ്റ്റിൽ. പാറത്തോട് സബിൻ ഹൗസിൽ പ്രകാശ് (27) ആണ് അറസ്റ്റിലായത്. പ്രകാശിനെതിരെ പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പ് (പിഡിപിപി ആക്ട് 3 (2)(ഇ)), ഐപിസി 489 വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യൻ കറൻസി കീറി നശിപ്പിച്ചെന്നും അതുവഴി പൊതുഖജനാവിന് 1500 രൂപയുടെ മൂല്യനഷ്ടം വരുത്തിയെന്നുമാണ് എഫ്ഐആർ.

കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് കൗണ്ടറിനു മുന്നിൽവച്ചാണ് 500 രൂപയുടെ 3 നോട്ടുകൾ പ്രകാശ് കീറീയെറിഞ്ഞത്. പ്രകാശും സുഹൃത്തായ ശരത് കുമാറും ചേർന്ന് അടുത്തിടെ ഒരു വണ്ടി വാങ്ങി. ഈ വാഹനം പ്രകാശ് അറിയാതെ ശരത്തും മറ്റൊരു സഹായിയും ചേർന്ന് കടത്തിക്കൊണ്ടുപോയി. ഇതേ തുടർന്നുണ്ടായ തർക്കമാണ് പരാതി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിനുള്ളിലെ ടൂൾസ് കാണാതായെന്നു പറഞ്ഞ് പ്രകാശ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ പൊലീസ് സ്റ്റേഷനിൽ ഇരുവരും തമ്മിൽ തർക്കമായി. പ്രകോപിതനായ പ്രകാശ് പോക്കറ്റിൽനിന്നു മൂന്ന് 500 രൂപ നോട്ടുകൾ എടുത്തു കീറി ശരത്കുമാറിനു നേർക്ക് എറിയുകയായിരുന്നു. തുടർന്ന് പ്രകാശിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഐപിസി 489 വകുപ്പ് പ്രകാരം നോട്ട് നശിപ്പിക്കുന്നത് കുറ്റകരമാണ്. റിസർവ് ബാങ്കിന്റെ അധീനതയിലുള്ള കറൻസി മനഃപൂർവം കറൻസി നശിപ്പിച്ചാൽ 6 വർഷം വരെ തടവ് ലഭിക്കും. കറൻസി വിനിമയം നടത്താനുള്ള അവകാശം മാത്രമാണ് രാജ്യത്തെ പൗരന്മാർക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here