സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കു ദാരുണാന്ത്യം

0

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കു ദാരുണാന്ത്യം. മറിയപ്പള്ളി പള്ളത്ത് വാടകയ്ക്കു താമസിക്കുന്ന പുത്തന്‍മഠം വീട്ടില്‍ സുദര്‍ശനന്‍ (റിട്ട.മിലിട്ടറി, 67), ഭാര്യ ഷൈലജ (57) എന്നിവരാണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.15 ന് എം.സി റോഡില്‍ മറിയപ്പള്ളി നാട്ടകം ഭാഗത്തായിരുന്നു അപകടം. ഷൈലജയുടെ സഹോദരന്റെ മകളുടെ കല്യാണ ഒരുക്കങ്ങള്‍ക്കായി മറിയപ്പള്ളിയിലെ കുടുംബവീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തിരുവല്ലയില്‍നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

ഇരുവരേയും ഉടന്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ ഷൈലജയുടെ മരണം സംഭവിച്ചിരുന്നു. സുദര്‍ശനന്റെ പരുക്കു ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു. ഷൈലജയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലും സുദര്‍ശനന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും.

മക്കള്‍: ശരത്, സുധീഷ് (ഇരുവരും ദുബായ്). മരുമക്കള്‍: അഞ്ജലി, നിമിഷ. സംസ്‌കാരം ഇന്നു വൈകിട്ട് നടക്കും.

Leave a Reply