സ്വർണ്ണ പണയ ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്കിൽ നിന്നും സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിന് നേതൃത്വം നൽകിയത് സ്ഥാപനത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ

0

ചെന്നൈ: ചെന്നൈയിലെ സ്വർണ്ണ പണയ ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്കിൽ നിന്നും സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിന് നേതൃത്വം നൽകിയത് സ്ഥാപനത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് സ്ഥാപനത്തിൽ നിന്നും നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ട്. 32 കിലോഗ്രാമോളം സ്വർണ്ണമാണ് സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചെന്നൈ നഗരത്തിൽ വൻകൊള്ള നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ആയുധധാരികളായ സംഘം അറുമ്പാക്കത്തെ റസാഖ് ഗാർഡൻ മേഖലയിലെ സ്ഥാപനത്തിലെത്തിയാണ് കൊള്ള നടത്തിയത്. ധനകാര്യത്തിലെ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവർച്ച. സ്ഥാപനത്തിലെ മുൻ ജീവനക്കാരന്റെ നേതൃത്വത്തിൽ ആയിരുന്നു കവർച്ച. ഇയാൾക്ക് ഓഫീസിലെ വിവരങ്ങളൊക്കെ കൃത്യമായി അറിയാമായിരുന്നു.

മുൻജീവനക്കാരനായ പാടിക്കുപ്പത്തെ മുരുഗനാ(39)ണ് കവർച്ചയ്ക്ക് നേതൃത്വംനൽകിയതെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സ്ഥാപനത്തിൽ റീജണൽ ഡെവലപ്‌മെന്റ് മാനേജരായാണ് മുരുഗൻ ജോലിചെയ്തിരുന്നത്. പണം ഇടപാടിലെ പ്രശ്‌നങ്ങളെത്തുടർന്ന് ജോലിയിൽനിന്ന് മുരുഗനെ പിരിച്ചുവിട്ടിരുന്നു.

മറ്റ് മൂന്നുപേരുമായെത്തിയാണ് ജീവനക്കാരെ കെട്ടിയിട്ട് പണവും സ്വർണവും കൊള്ളയടിച്ചത്. രണ്ട് ബൈക്കുകളിലായാണ് നാലുപേരെത്തിയത്. സ്വർണം സൂക്ഷിക്കുന്ന ലോക്കറുകൾ മുരുഗന് കൃത്യമായി അറിയാമായിരുന്നുവെന്നും ഇവിടെയുള്ള സ്വർണമാണ് കൊള്ളയടിച്ചതെന്നും പൊലീസ് പറഞ്ഞു. മുരുഗനെയും കൂട്ടാളികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

രണ്ടു ബൈക്കുകളിലായിട്ടായിരുന്നു കവർച്ചക്കാർ ധനകാര്യസ്ഥാപനത്തിൽ എത്തിയത്. സുരക്ഷാ ജീവനക്കാരന് ശീതളപാനീയം നൽകി മയക്കുകയായിരുന്നു. പ്രതികളിൽ ഒരാൾ ഇതേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തിരുന്ന ആൾ ആയിരുന്നു. സുരക്ഷാ ജീവനക്കാരൻ മയങ്ങിയതോടെ കൂടെവന്ന സുഹൃത്തുക്കളേയും കൂട്ടി ഇയാൾ അകത്ത് പ്രവേശിച്ചു.

കൈയിൽ കരുതിയിരുന്ന ആയുധം കാട്ടി ബാങ്കിനകത്തുണ്ടായിരുന്ന ജീവനക്കാരേയും ആളുകളേയും ഭീഷണിപ്പെടുത്തി. തുടർന്ന് ഇവരെ ശൗചാലയത്തിൽ പൂട്ടിയിടുകയായിരുന്നു. ധനകാര്യസ്ഥാപനത്തിന്റെ ജീവനക്കാരിൽ നിന്ന് സ്‌ട്രോങ് റൂമിന്റെ താക്കോൽ കൈവശപ്പെടുത്തിയ കവർച്ചക്കാർ അവിടെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും വാരിവലിച്ച് കൈയിൽ കരുതിയിരുന്ന ബാഗിൽ നിറച്ചു രക്ഷപ്പെടുകയായിരുന്നു.

സുരക്ഷാജീവനക്കാരൻ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ അണ്ണാനഗർ ഡെപ്യൂട്ടി കമ്മീഷണർ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെന്ന് കരുതുന്ന മുൻ ജീവനക്കാരന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply