ദക്ഷിണ യുക്രെയ്നിൽ ആണവ നിലയത്തിൽനിന്നു 30 കിലോമീറ്റർ മാത്രം അകലെ ജനവാസമേഖലയിൽ റഷ്യൻ മിസൈൽ പതിച്ചതു പരിഭ്രാന്തി പരത്തി

0

ദക്ഷിണ യുക്രെയ്നിൽ ആണവ നിലയത്തിൽനിന്നു 30 കിലോമീറ്റർ മാത്രം അകലെ ജനവാസമേഖലയിൽ റഷ്യൻ മിസൈൽ പതിച്ചതു പരിഭ്രാന്തി പരത്തി. 5 കുട്ടികൾ ഉൾപ്പെടെ 12 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ ആണവ നിലയമായ യുഷ്നോക്രൈൻസ്കിനു സമീപം വോസ്നെസെൻസ്ക് പട്ടണത്തിലെ 5 നില പാർപ്പിടസമുച്ചയത്തിലാണു മിസൈൽ പതിച്ചത്. മൈക്കലോവ് പ്രവിശ്യയിലാണിത്. ആണവനിലയം ലക്ഷ്യമിട്ടാണു മിസൈൽ അയച്ചതെന്നാണ് യുക്രൈൻ ആരോപണം. മാർച്ച് ആദ്യം ഈ ആണവനിലയം പിടിച്ചെടുക്കാൻ റഷ്യൻ സേന ശ്രമിച്ചിരുന്നതും അവർ ചൂണ്ടിക്കാട്ടി.

റഷ്യയുടെ പുതിയ നീക്കത്തിനെതിരെ യുക്രെയ്ൻ ഐക്യരാഷ്ട്ര സംഘടനയുടെയും രാജ്യാന്തര ഏജൻസികളുടെയും സഹായം തേടി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്നിലെ സാപോറീഷ്യ യുദ്ധം തുടങ്ങിയതിനു പിന്നാലെ റഷ്യൻസേന പിടിച്ചെടുത്തിരുന്നു. ഈ ആണവ നിലയം തിരിച്ചുപിടിക്കാനായി യുക്രെയ്ൻ സേനയും രംഗത്തിറങ്ങിയതോടെ ആണവസുരക്ഷ സംബന്ധിച്ച് നേരത്തേ യു എൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇതിനിടെ, യുക്രെയ്നിലെ റഷ്യൻ നിയന്ത്രിത മേഖലയിൽ കഴിയുന്ന തങ്ങളുടെ സൈനികർക്കു യുക്രെയ്ൻ വിഷം നൽകുന്നതായി റഷ്യ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാൽ കാലാവധി കഴിഞ്ഞ ടിന്നിലടച്ച മാംസം ഉപയോഗിക്കുന്നതു വഴിയാകും റഷ്യൻ സൈനികർക്കു വിഷബാധയേറ്റതെന്നു യുക്രെയ്ൻ പ്രതികരിച്ചു.

Leave a Reply