പെരുമ്പാവൂർ സ്വദേശിക്ക് അപൂർവ്വ ശസ്ത്രക്രിയ; ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി

0

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി ചരിത്രം കുറിച്ചു. അയോർട്ടിക് വാൽവ് ചുരുങ്ങിയതു മൂലം മരണാസന്നനായ പെരുമ്പാവൂർ സ്വദേശിയായ അറുപത്തിയൊമ്പതുകാരനാണ് അപൂർവ ശസ്ത്രക്രിയ്ക്ക് വിധേയനായത്.

ശ്രീ ചിത്തിര ആശുപത്രിയുൾപ്പെടെ ചുരുക്കംചില സർക്കാർ ആശുപത്രികളിൽ മാത്രമാണ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലെയ്സ്മെന്റ് (ടി.എ.വി.ആർ.) നടത്തിയിട്ടുള്ളത്.

രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രി ഈ ചികിത്സാ രീതി അവലംബിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം പ്രോജക്ട് മാനേജർ ഡോ. സജിത്ത് ജോൺ പറഞ്ഞു.

നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലിൽ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റിവെച്ചത്. രോഗിയെ പൂർണമായും മയക്കാതെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്താലാണ് ഈ ചികിത്സ സുഗമമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ആശ കെ. ജോൺ പറഞ്ഞു. രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകും. ശസ്ത്രക്രിയയിൽ പങ്കെടുത്ത എല്ലാ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. ആശിഷ് കുമാർ, ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്, ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ജോർജ് വാളൂരാൻ, കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോൾ, ഡോ. ദിവ്യ ഗോപിനാഥ് എന്നിവർ നേതൃത്വം കൊടുത്ത ശസ്ത്രക്രിയയിൽ ഡോ. സ്റ്റാൻലി ജോർജ്, ഡോ. ബിജുമോൻ, ഡോ. ഗോപകുമാർ, ഡോ. ശ്രീജിത് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here