അദ്ധ്യാപകന്റെ ക്രൂരമർദ്ദനത്തിനെ തുടർന്ന് ദളിത് സമുദായത്തിൽ നിന്നുള്ള ഒമ്പത് വയസ്സുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0

ജയ്പൂർ: അദ്ധ്യാപകന്റെ ക്രൂരമർദ്ദനത്തിനെ തുടർന്ന് ദളിത് സമുദായത്തിൽ നിന്നുള്ള ഒമ്പത് വയസ്സുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അദ്ധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അദ്ധ്യാപകൻ ചായിൽ സിങ് ക്രൂരമായി അടിച്ചുകൊന്നത്. അദ്ധ്യാപകന് വേണ്ടി പാത്രത്തിലാക്കി വച്ച വെള്ളം കുടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

കുട്ടിയുടെ കൊലപാതകത്തിൽ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജലോർ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്‌കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കിട്ടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. 300 കിലോമീറ്റർ ദൂരെ അഹമ്മദാബാദിലുള്ള ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.

കുട്ടിയുടെ പോസ്റ്റ് മോർട്ടം നടത്തി. കൊലപാതകം, എസ് സി, എസ് ടി വിഭാഗത്തിനെതിരായ പീഡനങ്ങൾ തടയൽ എന്നീ നിയമപ്രകാരം അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. കുടിവെള്ള പാത്രത്തിൽ തൊട്ടതിന് കുട്ടിയെ ക്രൂരമായി മർദിച്ചതായി കുട്ടിയുടെ കുടുംബം പരാതിയിൽ പറഞ്ഞു.

”പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് അദ്ധ്യാപകനായ ചൈൽ സിങ് എന്റെ മകനെ മർദിക്കുകയും ജാതി അധിക്ഷേപിച്ച് ആക്രമിക്കുകയുമായിരുന്നു. കുട്ടിക്ക് രക്തസ്രാവമുണ്ടായി. ഞാൻ കുഞ്ഞിനെ ചികിത്സയ്ക്കായി ഉദയ്പൂരിലേക്കും തുടർന്ന് അഹമ്മദാബാദിലേക്കും കൊണ്ടുപോയി, അവിടെ വച്ച് അവൻ മരിച്ചു” – കുട്ടിയുടെ പിതാവ് ദേവറാം മേഘ്വാൾ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഭോപ്പാലിൽ സൈക്കിൾ മോഷ്ടിച്ചുവെന്ന് സംശയിച്ച് ഒമ്പത് വയസ്സുകാരനെ പൊലീസ് കോൺസ്റ്റബിളും രണ്ട് പേരും ചേർന്ന് ക്രൂരമായ മർദ്ദിച്ചു. മർദ്ദനമേറ്റ് അവശനായ കുട്ടിയെ സിവിലിയൻ വേഷത്തിലെത്തിയ പൊലീസുകാരൻ സ്‌കൂട്ടറിന് മുന്നിലിരുത്തി കൊണ്ടുപോകുകയായിരുന്നു.

Leave a Reply