ശൗചാലയത്തില്‍ ഉപയോഗിക്കുന്ന വീപ്പയിലെ വെള്ളത്തില്‍ മുക്കി നവജാത ശിശുവിനെ കൊലപ്പെടുത്തി

0

ശൗചാലയത്തില്‍ ഉപയോഗിക്കുന്ന വീപ്പയിലെ വെള്ളത്തില്‍ മുക്കി നവജാത ശിശുവിനെ കൊലപ്പെടുത്തി. മാതാവിനെതിരേ പോലീസ്‌ കൊലക്കുറ്റത്തിനു കേസെടുത്തു. ഉടുമ്പന്നൂര്‍ മങ്കുഴി ചരളയില്‍ സതീശന്റെ ഭാര്യ സുജിതയ്‌ക്കെ(26)തിരേയാണ്‌ പോലീസ്‌ കേസെടുത്തത്‌.
അമിത രക്‌തസ്രാവത്തെത്തുടര്‍ന്ന്‌ അവശയായ ഇവര്‍ പോലീസ്‌ കസ്‌റ്റഡിയില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വെള്ളത്തില്‍ മുങ്ങിയാണ്‌ കുഞ്ഞ്‌ മരിച്ചതെന്ന പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്‌ യുവതിക്കെതിരേ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
10 ന്‌ അര്‍ധരാത്രിയോടെയാണ്‌ സംഭവം. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മങ്കുഴിയില്‍ വാടകയ്‌ക്കു താമസിക്കുന്ന സുജിത ഭര്‍ത്താവുമൊന്നിച്ച്‌ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. അമിത രക്‌തസ്രാവവുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്‌ടര്‍ സംശയം തോന്നി കാര്യം തിരക്കി. തുടര്‍ന്നാണ്‌ താന്‍ വീട്ടില്‍വച്ചു പ്രസവിച്ചെന്നും കുഞ്ഞിനെ ശൗചാലയത്തിലെ വീപ്പയില്‍ ഉപേക്ഷിച്ചെന്നും അവര്‍ പറഞ്ഞത്‌.
ഡോക്‌ടര്‍ ഉടന്‍തന്നെ വിവരം കരിമണ്ണൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ അറിയിച്ചു. കരിമണ്ണൂര്‍ സി.ഐ: സുമേഷ്‌ സുധാകരന്റെ നേതൃത്വത്തില്‍ പോലീസ്‌ മങ്കുഴിയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ നവജാത ശിശുവിനെ വീപ്പയിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന്‌ ആശുപത്രിയിലെത്തി യുവതിയെ ചോദ്യംചെയ്‌തു. ഭര്‍ത്താവ്‌ അറിയാതിരിക്കാനാണ്‌ കുഞ്ഞിനെ വീപ്പയില്‍ ഉപേക്ഷിച്ചതെന്ന്‌ ഇവര്‍ പോലീസിനു മൊഴി നല്‍കി. തുടര്‍ന്ന്‌ ഇടുക്കിയില്‍നിന്നു ഫോറന്‍സിക്‌ വിദഗ്‌ധര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. ആണ്‍കുഞ്ഞാണ്‌ മരിച്ചത്‌.
ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുള്ള യുവതി ഏതാനും മാസം മുമ്പു മറ്റൊരാള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ ഗുണ്ടല്‍പേട്ടില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസും ജനപ്രതിനിധികളും ഇടപെട്ടാണ്‌ ഇവരെ തിരികെയെത്തിച്ചത്‌. സുജിതയുടെ ശാരീരികവ്യത്യാസം കണ്ട്‌ ആശാപ്രവര്‍ത്തകര്‍ ഏതാനും ദിവസം മുമ്പു വീട്ടിലെത്തിയെങ്കിലും വണ്ണംവയ്‌ക്കാനുള്ള മരുന്നു കഴിക്കുന്നുണ്ടെന്നു പറഞ്ഞ്‌ അവരെ മടക്കിയയച്ചു.
തൃശൂര്‍ കൊരട്ടി സ്വദേശിയായ സുജിതയെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടാണ്‌ സതീശ്‌ വിവാഹം ചെയ്‌തത്‌. ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുന്ന മുറയ്‌ക്ക്‌ വിശദമായ അനേ്വഷണം നടത്തി അറസ്‌റ്റ്‌ രേഖപ്പെടുത്തുമെന്നു പോലീസ്‌ അറിയിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനു ബന്ധമില്ലെന്നു പോലീസ്‌ പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്‌.പി: എം.ആര്‍. മധു ബാബുവിന്റെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ സി.ഐ. സുമേഷ്‌ സുധാകരനാണ്‌ അനേ്വഷണച്ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here