സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഈയാഴ്‌ച ചുമതലയേല്‍ക്കും

0

സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണ കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഈയാഴ്‌ച ചുമതലയേല്‍ക്കും. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥനായ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി. രാധാകൃഷ്‌ണനെ ഇ.ഡി. ചെന്നൈയിലേക്കു സ്‌ഥലം മാറ്റിയിരുന്നു. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു അപ്രതീക്ഷിതമായി മാറ്റമുണ്ടായത്‌. പുതിയ അന്വേഷണ ഉദ്യോഗസ്‌ഥനെ നിയമിക്കാതെയായിരുന്നു നടപടി.
രാധാകൃഷ്‌ണന്‍ ഈയാഴ്‌ച ചെന്നൈയില്‍ ചുമതലയേല്‍ക്കുന്നതോടെ പകരം പുതിയ ഉദ്യോഗസ്‌ഥന്‍ വരും. ഉത്തരേന്ത്യക്കാരനായ ജോയിന്റ്‌ ഡയറക്‌ടര്‍ക്കാവും ചുമതലനല്‍കുക എന്നാണു സൂചന. ഇതോടെ അന്വേഷണം പൂര്‍ണ്ണമായും കേന്ദ്ര ഡയറക്‌ടറേറ്റിന്റെ നിയന്ത്രണത്തിലാവും. സ്വപ്‌്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യംചെയ്യാന്‍ നീക്കമുണ്ട്‌.
ഇതിനു മുന്നോടിയായാണു അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. മലയാളിയായ അന്വേഷണ ഉദ്യോഗസ്‌ഥരാകുമ്പോള്‍ ഉന്നതരെ ചോദ്യംചെയ്യാന്‍ താല്‍പര്യക്കുറവുണ്ടാകുമെന്നാണു ഇ.ഡി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പി. രാധാകൃഷ്‌ണനു കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റില്‍ ചെന്നൈയിലേയ്‌ക്കു പ്രമോഷന്‍ ട്രാന്‍സ്‌ഫര്‍ വന്നതാണെങ്കിലും സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍, സ്‌ഥലംമാറ്റം താല്‍ക്കാലികയായി നീട്ടുകയായിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരേ പിന്നീടാണു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുന്നത്‌.
അന്വേഷണം നിര്‍ണ്ണയക ഘട്ടത്തില്‍ എത്തി നില്‍ക്കെ ഉദ്യോഗസ്‌ഥനോട്‌ ഉടന്‍ സ്‌ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള എതിര്‍പ്പും കാരണമായെന്നണു സൂചന.
സ്വപ്‌നയുടെ രഹസ്യമൊഴി വന്നിട്ടും ജോയിന്റ്‌ ഡയറക്‌ടര്‍ കാര്യമായ നടപടികളിലേക്കു കടക്കുന്നില്ലെന്നു സ്വപ്‌നയുടെ അഭിഭാഷകര്‍ക്കടക്കം പരാതിയുണ്ടായിരുന്നു. സ്വപ്‌ന തന്നെ ഇക്കാര്യം ഇ.ഡി. നേതൃത്വത്തെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാത്രമല്ല കേരളത്തില്‍ നിന്നു കേസ്‌ ബംഗ്‌ളുരുവിലേക്കു മാറ്റാനുള്ള നീക്കം പി. രാധാകൃഷ്‌ണന്‍ നടത്തിയതു കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍പോലും അറിയാതെയാണ്‌. ഇതും പെട്ടെന്നുള്ള സ്‌ഥാനമാറ്റത്തിനു കാരണമായെന്ന തരത്തിലും സംസാരമുയര്‍ന്നു.

Leave a Reply