പുതിയ കലക്‌ടര്‍ വന്നു; പൂട്ടിയ ഫെയ്‌സ്‌ ബുക്ക്‌ കമന്റ്‌ ബോക്‌സ് തുറന്നു

0

ആലപ്പുഴ: വി.ആര്‍ കൃഷ്‌ണതേജ ആലപ്പുഴ ജില്ലാ കലക്‌ടറായി ഇന്നലെ ചുമതലയേറ്റതോടെ കലക്‌ടറുടെ ഔദ്യോഗിക ഫെയ്‌സ്‌ ബുക്ക്‌ പേജിന്റെ കമന്റ്‌ ബോക്‌സ്‌ തുറന്നു.
നേരത്തെ ആലപ്പുഴ കലക്‌ടറായി ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്‌ മുമ്പ്‌ തന്നെ ഔദ്യോഗിക ഫെയ്‌സ്‌ ബുക്ക്‌ പേജില്‍ കടുത്ത വിമര്‍ശനവുമായി നൂറുകണക്കിനാളുകളാണ്‌ കമന്റുകള്‍ ഇട്ടത്‌. കമന്റുകള്‍ അതിരു വിട്ടതോടെ ശ്രീറാം ചുമതലയേല്‍ക്കുന്നതിന്റെ തലേന്നു തന്നെ ഫെയ്‌സ്‌ ബുക്ക്‌ കമന്റ്‌ബോക്‌സ്‌ പൂട്ടിയിരുന്നു.
പിന്നീടു രണ്ടു തവണ തുറന്നപ്പോഴും വിമര്‍ശനങ്ങളുടെ പ്രളയമായിരുന്നു. ഫെയ്‌സ്‌ ബുക്ക്‌ പ്ര?ഫൈല്‍ ചിത്രം ശ്രീറാമിന്റേതാക്കി മാറ്റാനായി തുറന്നപ്പോഴും സമാന സ്‌ഥിതിയായിരുന്നു. വൈകാതെ തന്നെ കമന്റുകളെല്ലാം നീക്കം ചെയ്‌ത്‌ വീണ്ടും പൂട്ടി.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നയാളെ ജില്ലാ കലക്‌ടറായി നിയമിച്ചതിനെതിരേ ഉയര്‍ന്ന വ്യാപക പ്രതിഷേധം കണക്കിലെടുത്താണ്‌ ഒടുവില്‍ സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്‌.സപ്ലൈകോ ജനറല്‍ മാനേജറായിട്ടാണ്‌ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌. ശ്രീറാമിന്റെ ഭാര്യയായ ഡോ. രേണുരാജ്‌ കഴിഞ്ഞ ആഴ്‌ചയാണ്‌ എറണാകുളം ജില്ലാ കലക്‌ടറായി ചുമതലയേറ്റത്‌.
കൃഷ്‌ണ തേജ ആലപ്പുഴ കലക്‌ടറായി ചുമതലയേറ്റതോടെ അഭിനന്ദന പ്രവാഹമാണ്‌ സാമൂഹിക മാധ്യങ്ങളില്‍ ജനങ്ങള്‍ നല്‍കുന്നത്‌.
2018 ലെ മഹാപ്രളയകാലത്ത്‌ ആലപ്പുഴ സബ്‌ കലക്‌ടറായി പ്രവര്‍ത്തിച്ചിരുന്ന കൃഷ്‌ണ തേജയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഐ ആം ഫോര്‍ ആലപ്പി പോലെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിനാളുകള്‍ക്കു പ്രയോജനപ്രദമായിരുന്നു.

Leave a Reply