പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാല്‍സംഗം ചെയ്‌തു

0

പുന്നയൂര്‍ക്കുളം (തൃശൂര്‍): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാല്‍സംഗം ചെയ്‌തെന്നു പരാതി. സ്‌കൂളില്‍ വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ ചൈല്‍ഡ്‌ ലൈനിനു മുന്നില്‍ കുട്ടിയെ എത്തിച്ചപ്പോഴാണു വിവരം പുറത്തുവന്നത്‌.
പൊന്നാനിയിലെ എയ്‌ഡഡ്‌ സ്‌കൂള്‍ പ്ലസ്‌ ടു വിദ്യാര്‍ഥിനിയാണ്‌ പീഡനത്തിനിരയായത്‌. പിതാവിന്റെ സുഹൃത്തുക്കള്‍ വീട്ടില്‍ വച്ചും ട്യൂഷന്‍ സെന്ററില്‍ വച്ചും പീഡനത്തിനിരയാക്കിയെന്നാണ്‌ പെണ്‍കുട്ടി നല്‍കിയ മൊഴി. കൈകള്‍ കെട്ടിയിട്ടാണ്‌ പീഡനം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി പുന്നയൂര്‍ക്കുളം സ്വദേശിനിയാണ്‌. പിതാവിന്റെ സുഹൃത്തുക്കള്‍ക്ക്‌ കഞ്ചാവ്‌ സംഘങ്ങളുമായി ബന്ധമുണ്ടെന്ന്‌ പോലീസിനു വിവരം ലഭിച്ചു. രണ്ടുമാസമായി പീഡനം തുടരുകയായിരുന്നു. കഴിഞ്ഞ മേയ്‌ മാസത്തിലും ഓഗസ്‌റ്റ്‌ ഒമ്പതിന്‌ മന്ദലാംകുന്നുള്ള ട്യൂഷന്‍ സെന്ററില്‍ വച്ച്‌ പകലും പിന്നീട്‌ രാത്രി തന്റെ വീട്ടില്‍ വച്ചും സംഘം ചേര്‍ന്ന്‌ പീഡിപ്പിച്ചുവെന്നാണ്‌ പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴി.
രണ്ടുമൂന്നു ദിവസമായി കുട്ടി ക്ലാസില്‍ വരാതിരുന്നതിനെ തുടര്‍ന്ന്‌ ക്ലാസ്‌ടീച്ചര്‍ വീട്ടിലേക്ക്‌ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പീഡനം നടന്ന വിവരം അറിയുകയുമായിരുന്നു. ടീച്ചര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ സ്‌റ്റുഡന്റ്‌സ്‌ കൗണ്‍സിലര്‍ കുട്ടിയെ പോയി കാണുകയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിനുശേഷം സംഭവം വടക്കേക്കാട്‌ പോലീസില്‍ അറിയിക്കുകയുമായിരുന്നു. വടക്കേക്കാട്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌ പെണ്‍കുട്ടി താമസിക്കുന്നത്‌. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തിരച്ചറിഞ്ഞിട്ടുണ്ട്‌.
മാതാവിനെ കുട്ടി പീഡനവിവരം അറിയിച്ചിരുന്നുവെങ്കിലും അവര്‍ തുടര്‍ നടപടികളെടുത്തില്ല. വസതിയില്‍ ആരുമില്ലാത്ത സമയത്താണ്‌ സംഘം എത്തിയിരുന്നത്‌. പ്ലസ്‌ ടുക്കാരിയായ വിദ്യാര്‍ഥിനി മാനസികമായി തളര്‍ന്ന നിലയിലാണ്‌. കുട്ടിയെ സംരക്ഷണത്തിന്‌ ചൈല്‍ഡ്‌ ലൈന്‍ ഏറ്റെടുത്തു. കുട്ടിക്ക്‌ വീട്ടില്‍ വേണ്ട സുരക്ഷിതത്വം ലഭിച്ചിരുന്നില്ല.
വിവരം മറച്ചുവെച്ചതിന്‌ മാതാപിതാക്കള്‍ക്ക്‌ എതിരേയും കേസ്‌ എടുക്കും. പിതാവിന്റെ നിര്‍ദേശപ്രകാരമാണ്‌ അമ്മ മൗനം പാലിച്ചതെന്നു കരുതുന്നു. പിതാവിനെ കഞ്ചാവു കേസില്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഇറക്കാന്‍ അമ്മ ഈ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ്‌ സംഘം വീട്ടിലേക്കു വരാന്‍ കൂടുതല്‍ സ്വാതന്ത്ര്യമെടുത്തത്‌. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പോലീസിനു പീഡനം സംബന്ധിച്ചു വിവരം കൈമാറിയിരുന്നു.
തുടര്‍ന്ന്‌ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായി. കാപ്പരിക്കാട്‌ സ്വദേശി ഷാജി (26) ആണ്‌ അറസ്‌റ്റിലായത്‌. ഷാജിയും കുട്ടിയുടെ പിതാവുമായി അടുപ്പത്തിലാണ്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്‌ഥിരമായി സംഘം ശല്യപ്പെടുത്തിയിരുന്നു. ട്യൂഷന്‍ സെന്ററിലും പിതാവിന്റെ കൂട്ടുകാര്‍ എത്തിയിരുന്നെന്നാണു പോലീസിനു ലഭിച്ച വിവരം. സംഘത്തില്‍പ്പെട്ട മന്ദലാംകുന്ന്‌, അകലാട്‌ സ്വദേശികളായ അക്‌ബര്‍, ബാദുഷ എന്നിവരെ കൂടി പിടികൂടാനുണ്ട്‌.
വലിയ റാക്കറ്റ്‌ പുറകിലുണ്ടെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. വിശദാന്വേഷണം നടത്തിവരുകയാണ്‌. പിതാവിനും കഞ്ചാവു കടത്തുമായി ബന്ധമുണ്ടെന്നറിയുന്നു. ഇനിയും രണ്ടുപേരെ കൂടി പിടികൂടാനുണ്ട്‌. ഗുരുവായൂര്‍ എ.സി.പി: കെ.ജി. സുരേഷാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.
കുട്ടിയുടെ രക്ഷിതാക്കള്‍ കഞ്ചാവ്‌ വില്‍പ്പനയ്‌ക്ക്‌ പലതവണ അറസ്‌റ്റിലായവരാണ്‌.

Leave a Reply