അംഗപരിമിതി നേരിടുന്ന യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം

0

ആലപ്പുഴ: അംഗപരിമിതി നേരിടുന്ന യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം. ഓട്ടോ ഡ്രൈവറായ ജസ്റ്റിനാണ് കുത്തിയതോട് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കുനിച്ച് നിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് ഇടിച്ചതായി ജസ്റ്റിന്‍ പറയുന്നു. സംഭവത്തിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന പോലീസിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു.

രണ്ടുദിവസം മുന്‍പാണ് സംഭവം. പുന്നപ്ര ജങ്ഷനില്‍ വച്ചാണ് ജസ്റ്റിനെ പൊലീസ് പിടികൂടിയത്. ഓട്ടോ തെറ്റായ വഴിയില്‍ ഓടിച്ചെന്ന് പറഞ്ഞാണ് പൊലീസ് മര്‍ദ്ദിച്ചതെന്നാണ് ജസ്റ്റിന്‍ പറയുന്നത്. മൂന്ന് പൊലീസുകാര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചത്. അവര്‍ മുഖത്തും ചെവിയിലും നട്ടെല്ലിലും ക്രൂരമായി അടിച്ചെന്നും ജസ്റ്റിന്‍ പറഞ്ഞു. അടിയേറ്റതിനെ തുടര്‍ന്ന് തനിക്ക് നില്‍ക്കാനാവാതെ വന്നപ്പോള്‍ എസ്‌ഐ 108 ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പൊലീസ് മര്‍ദ്ദിച്ചതാണെന്ന് പറഞ്ഞാല്‍ പിന്നീട് നീ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജസ്റ്റിന്‍ പറഞ്ഞു.

ആദ്യമെത്തിച്ച എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് പൊലീസിനെ പേടിച്ച് ജസ്റ്റിന്‍ കാര്യം തുറന്നുപറയാന്‍ തയ്യാറായില്ല. എന്നാല്‍ എക്‌സറേ ലഭിച്ച ശേഷം വാരിയെല്ലില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

അതേസമയം, ജസ്റ്റിന്റെ ആരോപണം പൂര്‍ണമായും പൊലീസ് നിഷേധിച്ചു. ജസ്റ്റിനെ കസ്റ്റഡിയില്‍ എടുത്തത് കഞ്ചാവുമായി പിടിച്ചതിനാണെന്നും ഇയാളില്‍ നിന്ന കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ ആശുപത്രി ചെലവ് താന്‍ തന്നേക്കാമെന്നും. തന്റെ പണിയും കൊണ്ടുപോകുന്ന തരത്തിലായി പോയി കാര്യങ്ങളെന്നും എസ്‌ഐ പറയുന്നത് കേള്‍ക്കാം.

Leave a Reply