ദേശീയ പാതയിൽ കുഴിയിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസ്

0

കൊച്ചി: ദേശീയ പാതയിൽ എറണാകുളം അത്താണിക്ക് സമീപം കുഴിയിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസ്. ദേശീയ പാതയിൽ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും കരാർ എടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പൊലീസ് കേസെടുത്തത്. അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.

നാലുദിവസം മുൻപ് ഹോട്ടൽ ജീവനക്കാരനായ ഹാഷിമാണ് ദേശീയ പാതയിൽ കുഴിയിൽ വീണ് മരിച്ചത്. കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിൽ നിന്ന് മീഡിയനിലേക്ക് തെറിച്ചുവീണ ഹാഷിമിന്റെ മുകളിലൂടെ മറ്റൊരു വാഹനം കയറി ഇറങ്ങുകയായിരുന്നു. ഈ വാഹനം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. നാലുചക്ര വാഹനമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് സിസിടിവി ദൃശ്യങ്ങൾ ഇല്ലാതിരുന്നത് വാഹനം തിരിച്ചറിയാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഹാഷിം സഞ്ചരിച്ച സ്‌കൂട്ടർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ, വാഹനം ഏതെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ദേശീയപാതയിൽ 18 വർഷമായി കരാർ അനുസരിച്ച് പ്രവൃത്തികൾ ചെയ്ത് വരുന്ന കമ്പനിയാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്. ദേശീയപാതയിലെ അറ്റകുറ്റപ്പണി, നവീകരണം എന്നി ജോലികളാണ് ഇവർ ചെയ്ത് വരുന്നത്.അത്താണിക്ക് സമീപം കുഴിയിൽ വീണ് ഹാഷിം മരിച്ച സംഭവത്തിൽ കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറയുന്നു.

Leave a Reply