സംസ്ഥാനത്ത് കനത്തമഴയെത്തുടർന്ന് ജലനിരപ്പുയർന്ന പശ്ചാത്തലത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു

0

തൊടുപുഴ: സംസ്ഥാനത്ത് കനത്തമഴയെത്തുടർന്ന് ജലനിരപ്പുയർന്ന പശ്ചാത്തലത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 2375.53 അടിയായി ഉയർന്നു. ജലനിരപ്പ് 1381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും. 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.

ഇടുക്കി ജില്ലയിൽ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സമീപ ജില്ലകളായ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും റെഡ് അലർട്ടാണ്. രണ്ടു ദീവസം കൂടി തീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതേസമയം രണ്ടു ദിവസമായി തുടരുന്ന അതി തീവ്രമഴയ്ക്കു നേരിയ ശമനം വന്നിട്ടുണ്ട്. ഇതോടെ ഏഴു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. എന്നാൽ രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ പത്തു ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇന്നു രാവിലത്തെ അറിയിപ്പു പ്രകാരം മൂന്നു ജില്ലകളിലാണ് റെഡ് അലർട്ട് ഉള്ളത്- കോട്ടയം, എറണാകുളം, ഇടുക്കി.

പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടുണ്ട്. കാസർക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ചയോടെ സംസ്ഥാനത്തത് കനത്ത മഴയ്ക്കു ശമനമാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

Leave a Reply