കോഴിക്കോട് ബീച്ചിൽ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽ 58 പേർക്ക് പരുക്ക്

0

കോഴിക്കോട് ബീച്ചിൽ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽ 58 പേർക്ക് പരുക്ക്. . ബാരിക്കേഡ് മറിഞ്ഞു വീണാണ് ഇത്രയേറെ പേർക്ക് പരിക്കേറ്റത്. കോഴിക്കോട് ജെഡിടി കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് പൊലീസ് ഇടപെട്ട് പരിപാടി നിർത്തിവച്ചു.

കോളേജിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരിക്കാൻ വേണ്ടിയായിരുന്നു പരിപാടി നടത്തിയത്. ടിക്കറ്റ് എടുത്താണ് സദസ്സിലേക്ക് ആളെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ സീറ്റുകളെല്ലാം നിറഞ്ഞ ശേഷവും ആളുകളെ അകത്തേക്ക് ടിക്കറ്റെടുത്ത് കേറ്റി വിട്ടതോടെ സദസ്സിലും കൗണ്ടറിലും സംഘർഷാവസ്ഥയുണ്ടായി ഇതിനിടെയാണ് ബാരിക്കേഡ് തകർന്ന് വീണ് ആളുകൾക്ക് പരിക്കേറ്റത്. ആളുകൾ പ്രകോപിതരായതോടെ പൊലീസ് ലാത്തി വീശി.

പരിപാടിക്ക് ഉൾക്കൊള്ളുന്നതിലും ഇരട്ടിയിലേറെ ആളുകൾ എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ഡിസിപി എ.ശ്രീനിവാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കോഴിക്കോട് ബീച്ചിൽ നിന്നും മുഴുവൻ ആളുകളേയും ഒഴിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിന് പോലും ബിച്ചിലെത്തിയവരുടെ തിരക്ക് പ്രതികൂലമായതോടെ പൊലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. ബീച്ചിന് മുന്നിലെ റോഡിൽ വാഹനങ്ങൾ തടഞ്ഞും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ബീച്ചിലെ കടകളും പൊലീസ് ഇടപെട്ട് അടപ്പിച്ചു. അപകടത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദും ബീച്ചിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here