’40 ക്രിമിനല്‍ കേസുകളുള്ള എസ്എഫ്ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ? ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്’; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

0

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാട് കടത്താനുള്ള തീരുമാനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. “ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. അങ്ങനെയെങ്കില്‍ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ സര്‍ക്കാര്‍ തയാറാകുമോ? ഇയാള്‍ക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകള്‍ വധശ്രമത്തിനും ഒരോ കേസുകള്‍ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സര്‍ക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫര്‍സീനെതിരെ കാപ്പ ചുമത്തുന്നത്.

സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകള്‍ക്കും കാല് വെട്ടി ബൈക്കില്‍ കൊണ്ടു പോയവര്‍ക്കുമൊക്കെ എതിരെ കാപ്പ ചുമത്താന്‍ തയാറാകാത്തവര്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ അതേ ശക്തിയില്‍ പ്രതിരോധിക്കും. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെ”ന്നും സതീശന്‍ പറഞ്ഞു.

അതേസമയം കാപ്പ ചുമത്താനുള്ള ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഫർസീൻ മജീദ്. പതിനഞ്ച് കേസുകള്‍ തന്‍റെ പേരിലില്ല. കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാം. കാപ്പ ചുമത്താതിരിക്കാൻ കാരണം ബോധ്യപ്പെടുത്താനുള്ള നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് കൈപ്പറ്റണോയെന്ന് അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് തന്നെ വേട്ടയാടുകയാണ്. പിണറായി സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കൽ നിയമപരമായി നേരിടുമെന്നും ഫർസീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസിൽ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ഫർസീൻ മജീദ്.

മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫർസീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ഡി ഐ ജിക്ക് കൈമാറി.

Leave a Reply