വിൽക്കാൻ ശ്രമിക്കുന്നതിനിടെ 10 കിലോഗ്രാം തിമിംഗല ദഹനശിഷ്ടവുമായി 3 പേർ പിടിയിൽ

0

വിൽക്കാൻ ശ്രമിക്കുന്നതിനിടെ 10 കിലോഗ്രാം തിമിംഗല ദഹനശിഷ്ടവുമായി (ആംബർഗ്രിസ്) 3 പേർ പിടിയിൽ. എസ്പിയുടെ പ്രത്യേക സ്ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്. രാജ്യാന്തര വിപണിയിൽ ഇതിന് 10 കോടി രൂപ മതിപ്പു വില വരുമെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി കടവത്തു വളപ്പിലെ കെ.വി.നിഷാന്ത് (41), മുറിയനാവിയിലെ സിദ്ദിഖ് മാടമ്പില്ലത്ത് ‍(31), രാജപുരം കൊട്ടോടി മാവിൽ ഹൗസിലെ പി.ദിവാകരൻ എന്നിവരെയാണു പിടികൂടിയത്.
ഇന്നലെ വൈകിട്ട് 5നു കാഞ്ഞങ്ങാട് നഗരത്തിലെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് 3 പേരെയും പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഇവർക്കു പിന്നാലെയായിരുന്നു പൊലീസ്. പ്രതികൾ വിൽപന നടത്താൻ ശ്രമിക്കുന്നതു തിമിംഗല ദഹനശിഷ്ടമാണെന്നു കൃത്യമായ സൂചന പൊലീസിനു ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ പ്രതികളുടെ ഓരോ നീക്കവും പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കർണാടകയിൽ നിന്നാണു പ്രതി കെ.വി.നിഷാന്ത് ആംബർഗ്രിസ് എത്തിച്ചത്. പി.ദിവാകരനാണ് ആംബർഗ്രിസ് വിൽപനയുടെ ഇടനിലക്കാരനായി എത്തിയത്. പിന്നീട് പണവുമായി വന്നു വാങ്ങാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പൊലീസ് 3 പേരെയും പിടികൂടിയത്.

Leave a Reply