പണമിരട്ടിപ്പ് വാഗ്ദാനം നൽകി 930 കോടി രൂപ കബളിപ്പിച്ച കേസിൽ പ്രതികൾക്ക് 27 വർഷം തടവ്

0

പണമിരട്ടിപ്പ് വാഗ്ദാനം നൽകി 930 കോടി രൂപ കബളിപ്പിച്ച കേസിൽ പ്രതികൾക്ക് 27 വർഷം തടവ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന തമിഴ്നാട് പ്രൊട്ടക്ഷൻ ഓഫ് ഇൻട്രസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്സ് (ടി.എൻ.പി.ഐ.ഡി.) കോടതിയാണ് ശിക്ഷ വിധിച്ചത്.

തിരുപ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ട്രേഡിങ് കമ്പനിയുടെ ഉടമ മോഹൻരാജ്, അക്കൗണ്ടന്റ് കമലവള്ളി എന്നിവർക്കാണ് 27 വർഷം കഠിനതടവും 171.74 കോടി പിഴയും ലഭിച്ചത്.ശിക്ഷ ഏകകാലത്തിൽ അനുഭവിക്കാമെന്ന് കോടതി അറിയിച്ചതോടെ 10 വർഷം കഠിനതടവായി ചുരുങ്ങി.
2009-ൽ ആരംഭിച്ച പാസി ട്രേഡിങ് കമ്പനിയിൽ ലക്ഷങ്ങൾ നിക്ഷേപിക്കുന്നവർക്ക് പണമിരട്ടിപ്പും ആളെ ചേർക്കുന്നവർക്ക് കമ്മിഷനും നൽകുമെന്ന് പരസ്യം കണ്ടാണ് ഇടപാടുകാർ ചേർന്നത്.

ആറുമാസത്തിനകം ആയിരം കോടിയോളം രൂപ സമാഹരിച്ച കമ്പനി പിന്നീടുവന്നവർക്ക് പണം ഇരട്ടിപ്പിച്ച് നൽകിയില്ല. പരാതി കുമിഞ്ഞതോടെ സ്ഥാപനം പൂട്ടി ഉടമകൾ സ്ഥലംവിട്ടു. 58,571 പേരാണ് തട്ടിപ്പിനിരയായി കേസ് നൽകിയത്.
സി.ബി.ഐ. അന്വേഷിച്ച കേസിൽ 2013 ഫെബ്രുവരി 27-ന് കുറ്റപത്രം സമർപ്പിച്ചു. തുടർന്ന്, ഒമ്പതുവർഷമായി വിചാരണ നടന്നുവരികയായിരുന്നു. ഇതിനിടെ, പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിലെ രണ്ടാംപ്രതി കതിരവൻ വിചാരണക്കിടെ മരിച്ചു.

ഇടപാടുകാർക്ക് പണം തിരികെ നൽകാമെന്ന് അറിയിച്ച് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സി.ബി.ഐ. എതിർത്തതോടെ വിചാരണ നടപടികൾ തുടർന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 10-ന് സി.ബി.ഐ. അഭിഭാഷകൻ കോടതി ഉത്തരവ് എത്തിച്ചതോടെ 22-ന് വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജി രവി അറിയിച്ചു. ഒന്നാംപ്രതി പണം തിരികെ നൽകാമെന്ന് വീണ്ടും അറിയിച്ചതോടെ തീർപ്പ് 26-ലേക്ക് മാറ്റി. ട്രേഡിങ് കമ്പനിയിൽ ഡെപ്പോസിറ്റ് ചെയ്തവർക്ക് പണം നൽകാത്തതിനെത്തുടർന്ന് വെള്ളിയാഴ്ച ശിക്ഷ വിധിക്കുകയുംചെയ്തു.

Leave a Reply