വ്യാപാരിയുടെ മകനെ പീഡനക്കേസിൽ കുടുക്കിയ ശേഷം രക്ഷപെടുത്താൻ 21 ലക്ഷം രൂപ കൈക്കൂലി; ആറു ലക്ഷം പണമായും ബാക്കി തുക ചെക്കുകളായും വാങ്ങി; ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ കൈക്കൂലി വീരന്മാർ ഇനി അഴി എണ്ണുമ്പോൾ

0

പരാതിക്കാരന്റെ മകനെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 21ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും അതിൽ 15ലക്ഷം രൂപ ചെക്കുവഴി സ്വീകരിക്കുകയും ചെയ്ത രണ്ട് എസ്‌ഐമാരെ വിചാരണ ചെയ്യാൻ സർക്കാർ ഉത്തരവ്. ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ എഎസ്ഐ എച്ച് സുരേഷ് കുമാർ, ഗ്രേഡ് എഎസ്ഐ എം.കെ. സദാനന്ദൻ എന്നിവർക്കെതിരേ ക്രിമിനൽ നടപടിക്രമം വകുപ്പ് 197പ്രകാരം വിചാരണ ചെയ്യാൻ അനുമതി നൽകണമെന്ന് പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. കട്ടപ്പനയിലുള്ള ഒരു വ്യാപാരിയുടെ മകനെ പീഡനക്കേസിൽനിന്ന് രക്ഷിക്കാനാണ് പണം വാങ്ങിയത്. 2015ലായിരുന്നു സംഭവം.

വാഗമണിൽ വെച്ച് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടാണ് പെൺകുട്ടി പൊലീസിനു മുന്നിലെത്തിയത്. തുടർന്ന് പൊലീസുദ്യോഗസ്ഥർ കേസൊതുക്കാൻ വ്യാപാരിയുമായി ബന്ധപ്പെട്ടു. ഇരുപതു ലക്ഷം പെൺകുട്ടിക്ക് നൽകണമെന്നായിരുന്നു ആവശ്യം. ഒരു ലക്ഷം ഇവർക്കും. ഇരുപതിൽ 15 ലക്ഷം ചെക്കായാണ് വാങ്ങിയത്. ഇത് സ്വന്തം പേരിൽ വാങ്ങിയതാണ് കുരുക്കായത്. ഇത്രയും തുകയുടെ ചെക്ക് ബാങ്കിൽ കൊടുക്കുമ്പോൾ പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമായിരുന്നു. പൊലീസിന്റെ അധികാരമുപയോഗിച്ച് ഇതിൽ നിന്ന് രക്ഷപെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇതിനിടെ സംഭവത്തെക്കുറിച്ച് സ്പെഷൽബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് നൽകി. സംഭവം ഇടുക്കി പൊലീസ് മേധാവിയായിരുന്ന കെ.വി.ജോസഫ് വഴി എറണാകുളം റേഞ്ച് ഐ.ജി.ക്ക് മുന്നിലെത്തി. തുടർന്ന് ഇദ്ദേഹം അന്വേഷണത്തിനു നിർദ്ദേശിക്കുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്‌പിയായിരുന്ന പി.കെ.ജഗദീഷാണ് പ്രാഥമികന്വേഷണം നടത്തി എസ്‌പി.ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ചെക്ക് മാറിയതിന്റെ രേഖകൾ ബാങ്കിൽനിന്ന് ലഭിച്ചു.

പൊലീസുകാർ 20ലക്ഷം കൈക്കൂലി വാങ്ങിയതിന് വിജിലൻസ് കേസെടുത്തിരുന്നു. മൂന്ന് സ്വകാര്യ വ്യക്തികളും ഈ കേസിൽ പ്രതികളാണ്. എ.അലിയാർകുട്ടി, ടി.സാബുമോൻ, കെ.രാജിമോൾ എന്നിവരുമായി ചേർന്ന് പൊലീസ് ഉദ്യോഗസ്ഥർ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരാതിക്കാരനായ കെ.പി. ബഷീറിന്റെ മകൻ നഹാസിനെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും കേസിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തും 21ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടു. ഇതിൽ ആറു ലക്ഷം രൂപ പണമായി കൈപ്പറ്റി. ബാക്കി തുക അഞ്ച് ലക്ഷം രൂപ വീതമുള്ള മൂന്ന് ചെക്കുകളായി കൈപ്പറ്റി. ഈ ചെക്കുകൾ കട്ടപ്പനയിലെ യൂണിയൻ ബാങ്കിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ മാറിയെടുത്തതായും വിജിലൻസ് കണ്ടെത്തി. വിജിലൻസിന്റെ അന്വേഷണത്തിൽ ഈ കുറ്റങ്ങളെല്ലാം തെളിവു സഹിതം കണ്ടെത്തിയതായി വിജിലൻസ് മേധാവി സർക്കാരിനെ അറിയിച്ചു. രേഖകളും സർക്കാരിന് കൈമാറി.

Leave a Reply