സംശയം തോന്നിയാല്‍ ഒരാളെ ചോദ്യം ചെയ്‌തുകൂടേയെന്നു മുന്‍മന്ത്രി ടി.എം. തോമസ്‌ ഐസക്കിനോടു ഹൈക്കോടതി

0

കൊച്ചി: സംശയം തോന്നിയാല്‍ ഒരാളെ ചോദ്യം ചെയ്‌തുകൂടേയെന്നു മുന്‍മന്ത്രി ടി.എം. തോമസ്‌ ഐസക്കിനോടു ഹൈക്കോടതി. പ്രതിയായല്ലാതെ, സാക്ഷിയായി ഒരാളെ അന്വേഷണ ഏജന്‍സി വിളിക്കുന്നതില്‍ എന്താണു തെറ്റെന്നും കോടതി ചോദിച്ചു. കിഫ്‌ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) വിളിപ്പിച്ചതിനെതിരേ ഐസക്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു 17-ലേക്കു മാറ്റി. അതുവരെ ഐസക്‌ ഇ.ഡിക്കു മുന്നില്‍ ഹാജരാകേണ്ടതില്ല.
വ്യക്‌തിപരമായ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കണമെന്നാണ്‌ ഇ.ഡി. ആവശ്യപ്പെട്ടതെന്നും തനിക്കെതിരായ ആരോപണമെന്തെന്നു സമന്‍സില്‍ വ്യക്‌തമാക്കിയിട്ടില്ലെന്നും ഐസക്‌ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന്‌, ഹര്‍ജിക്കാരന്റെ സ്വകാര്യത മാനിക്കണമെന്നു ഹൈക്കോടതി ഇ.ഡിയോടു നിര്‍ദേശിച്ചു. കേസിന്റെ പ്രാഥമികഘട്ടത്തില്‍ ഇത്രയേറെ വ്യക്‌തിപരമായ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്‌ എന്തുകൊണ്ടാണെന്നും ജസ്‌റ്റിസ്‌ വി.ജി. അരുണ്‍ ഇ.ഡിയോടു ചോദിച്ചു.
ഇ.ഡിയുടെ രണ്ടാം സമന്‍സില്‍ തന്റെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചതാണ്‌ ഐസക്‌ ഹര്‍ജിയില്‍ ഉന്നയിച്ചത്‌. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്‌താല്‍ ഒരാള്‍ പ്രതിയാകണമെന്നില്ലല്ലോയെന്നു കോടതി ചൂണ്ടിക്കാട്ടി. മുന്‍മന്ത്രിയെ പ്രതിയായല്ല വിളിപ്പിച്ചതെന്ന്‌ ഇ.ഡിയും വ്യക്‌തമാക്കി. വിവരങ്ങള്‍ തേടുകയാണ്‌ ഉദേശ്യം.
ചോദ്യംചെയ്യലിന്‌ ഇടക്കാല സ്‌റ്റേ വേണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. താന്‍ കിഫ്‌ബിയുടെ എക്‌സ്‌ ഒഫിഷ്യോ അംഗമാണെന്നും അതിനാല്‍ വ്യക്‌തിവിവരങ്ങള്‍ ആവശ്യപ്പെടാന്‍ ഇ.ഡിക്ക്‌ അധികാരമില്ലെന്നും ഐസക്‌ വാദിച്ചു. രണ്ട്‌ സമന്‍സിലും വ്യത്യസ്‌ത കാര്യങ്ങളാണുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന്‌, ഹര്‍ജി പരിഗണിക്കുന്നത്‌ അടുത്തയാഴ്‌ചത്തേക്കു മാറ്റണമെന്ന്‌ ഇ.ഡി. ആവശ്യപ്പെടുകയായിരുന്നു.
കിഫ്‌ബി കേസില്‍ ഇ.ഡിക്കു മുമ്പാകെ ഐസക്‌ ഇന്നലെ ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യതവണ ഇ.ഡി. നോട്ടീസ്‌ നല്‍കിയപ്പോഴും ഐസക്‌ ഹാജരായിരുന്നില്ല.

Leave a Reply