കളിക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ രണ്ടാം ക്ലാസുകാരൻ വ്യാസ്;മേയറോടു തന്നെ പരാതി

0

 
തിരുവനന്തപുരം; സ്കൂളു കഴിഞ്ഞു വന്നു തനിക്കു കളിക്കാൻ പറ്റാത്തതിന്റെ വിഷമത്തിലായിരുന്നു രണ്ടാം ക്ലാസുകാരൻ വ്യാസ്. കവടിയാർ പാർക്ക് പൊളിച്ചിട്ടിരിക്കുന്നതിനാലാണ് കളിക്കാൻ സ്ഥലമില്ലാതെ ആയിപ്പോയത്. പിന്നെ വൈകിയില്ല വാട്സ്ആപ്പ് എടുത്ത് മേയരോടു തന്നെ പരാതി പറഞ്ഞു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ തേടിയാണ് കുഞ്ഞിന്റെ പരാതി എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ മേയര്‍ നേരിട്ട് നടപടി സ്വീകരിക്കുകയും ചെയ്തു.

കവടിയാർ പാർക്ക് പൊളിച്ചു കിടക്കുന്നതിനാൽ കളിക്കാൻ പറ്റുന്നില്ലെന്നും ആക്കുളത്തെ പാര്‍ക്കുപോലെ ആക്കിതരുമോ എന്നുമാണ് വ്യാസ് ചോദിച്ചത്. പരാതി ലഭിച്ചതിനു പിന്നാലെ മേയർ തന്നെ നേരിട്ടു ചെന്ന് കവടിയാർ പാർക്ക് സന്ദർശിച്ചു. വ്യാസിന് മറുപടിയും അയച്ചു. ഒന്നര മാസത്തിനുള്ളിൽ പാര്‍ക്ക് ശരിയാകുമെന്നാണ് മേയർ ഉറപ്പു നൽകിയത്. അന്ന് വ്യാസിനെ താൻ തന്നെ പാര്‍ക്കിൽ കൊണ്ടുപോകാമെന്നും പറഞ്ഞു. ആളുകളുടെ പരാതികൾ നേരിട്ട് കേട്ടും മനസ്സിലാക്കിയും പരിഹരിക്കാനുള്ള വാട്സ്ആപ്പ് സംവിധാനം കൊണ്ടുവന്നതിന് പിന്നാലെയാണ് ഇത്തരം മെസേജുകൾ മേയറിന് ലഭിക്കുന്നത്. 

ആര്യ രാജേന്ദ്രന്റെ കുറിപ്പ്
വ്യാസ് മോന്റെ സങ്കടം പരിഹരിക്കും കേട്ടോ. വിഷമിക്കണ്ട നന്നായി പഠിക്കണെ…ഇന്ന് നല്ല തിരക്കായിരുന്നു.രാത്രി ഓഫീസിലെത്തിയാണ് വാട്ട്സ് ആപ്പിലൂടെ വന്ന പരാതികൾ കേട്ടത്. സങ്കടവും സന്തോഷവും തോന്നിയതായിരുന്നു രണ്ടാം ക്ലാസുകാരന്റെ വ്യാസിന്റെ പരാതി.സ്കൂൾ കഴിഞ്ഞ് തിരികെ വരുമ്പോൾ താൻ കളിക്കുന്ന പാർക്കായിരുന്നു അവന്റെ സങ്കടം. വച്ച് താമസിക്കുന്നത് ശരിയല്ലെന്ന് കരുതി രാത്രി തന്നെ കോൺട്രാക്ടറെ വിളിച്ചു വരുത്തി കവടിയാറിലെ സ്ഥലം സന്ദർശിച്ചു. ചില ചെറിയ തടസങ്ങൾ ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ല.ഒന്നര മാസത്തിനകം പാർക്ക് പൂർത്തികരിച്ച് വ്യാസിനും കൂട്ടുകാർക്കും നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

Leave a Reply