ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിക്കിൽ ആശങ്ക മാറുന്നു

0

ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിക്കിൽ ആശങ്ക മാറുന്നു. നീരജ് കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുമെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായർ വ്യക്തമാക്കി. ഗെയിംസിനായി നീരജ് ചോപ്ര ബുധനാഴ്ച ബർമിങ്ഹാമിൽ എത്തും. ലോക ചാമ്പ്യൻഷിപ്പിനിടെയാണ് നീരജിന് പരിക്കേറ്റത്.

ഒറിഗോണിലെ ഫൈനലിനിടെ നീരജ് ചോപ്രയുടെ അടിനാഭിക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്ക് അവസാന റൗണ്ടുകളിൽ നീരജിന്റെ പ്രകടനത്തെ ബാധിച്ചു. പരിക്കിനിടയിലും ലോക മീറ്റിൽ വെള്ളി മെഡൽ നേടിയ നീരജ് ഫൈനലിന് ശേഷം ന്യൂയോർക്കിലേക്ക് പോയിരുന്നു. തിരിച്ചെത്തി രണ്ട് ദിവസത്തിനുള്ളിൽ നീരജ് ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ബർമിങ്ഹാമിൽ ചേരും.

കോമൺവെൽത്ത് ഗെയിംസിൽ നീരജ് ചോപ്ര തന്നെ ഇന്ത്യൻ പതാക വഹിക്കാനുള്ള സാധ്യത ഇതോടെ തെളിയുകയാണ്. ഓഗസ്റ്റ് അഞ്ചാം തിയതിയാണ് നീരജിന്റെ യോഗ്യതാ മത്സരം. ഏഴാം തിയതി ഫൈനൽ നടക്കും. ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് നീരജ് ചോപ്ര.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളിയണിഞ്ഞത്. ഗ്രാനഡയുടെ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 90.54 മീറ്റർ ദൂരവുമായി സ്വർണം നിലനിർത്തി. യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്.

2003ലെ പാരീസ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡലണിയുന്നത്. ടോക്കിയോ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവാണ് നീരജ് ചോപ്ര. ഒളിംപിക്സിലും ലോക മീറ്റിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായി നീരജ് ചോപ്ര.

LEAVE A REPLY

Please enter your comment!
Please enter your name here