ഉടമ വിദേശത്തായിരുന്ന തക്കം നോക്കി പണയ ഉരുപ്പടികൾ മറ്റൊരു ബാങ്കിൽ പണയം വച്ച് 45.50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു ജീവനക്കാരികൾ അറസ്റ്റിൽ

0

പത്തനംതിട്ട: ഉടമ വിദേശത്തായിരുന്ന തക്കം നോക്കി പണയ ഉരുപ്പടികൾ മറ്റൊരു ബാങ്കിൽ പണയം വച്ച് 45.50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു ജീവനക്കാരികൾ അറസ്റ്റിൽ. സ്ഥാപനത്തിന്റെ മാനേജരായിരുന്ന കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ രമ്യ (32), ജീവനക്കാരിയായ സീതത്തോട് മണികണ്ഠൻകാലാ കല്ലോൺവീട്ടിൽ ടി.ബി. ഭുവനമോൾ (32) എന്നിവരെയാണ് ചിറ്റാർ പൊലീസ് അറസ്റ്റുചെയ്തത്. രമ്യ നേരത്തേ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഭുവനമോളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചുകോയിക്കൽ മാറമ്പുടത്തിൽ വീട്ടിൽ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തിൽ ഫിനാൻസിലാണ് ക്രമക്കേട് നടന്നത്. റോയി കുറെക്കാലം വിദേശത്തായിരുന്നു. ഈസമയത്താണ് ജീവനക്കാർ സാമ്പത്തികതിരിമറി നടത്തിയത്. 45.50 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയിട്ടുള്ളത്.

സ്ഥാപനത്തിൽ ആളുകൾ പണയംവെച്ച സ്വർണ ഉരുപ്പടികളുടെ വിവരങ്ങൾ റെക്കോഡുകളിൽ രേഖപ്പെടുത്തിയ ശേഷം ഇവ മറ്റ് സ്ഥാപനങ്ങളിൽ കൊണ്ടു പോയി പണയം വെച്ച് പണമെടുക്കുകയാണ് ജീവനക്കാർ ചെയ്തത്. ആളുകൾ പണയം വെയ്ക്കുന്ന സ്വർണാഭരണങ്ങളുടെ തൂക്കത്തിലും വിലയിലും തിരിമറി കാട്ടിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനയുടമ അടുത്തിടെ തിരികെയെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. സ്വർണയുരുപ്പടികൾ ചിലർ തിരികെയെടുക്കാനെത്തിയെങ്കിലും പണയം സ്വീകരിച്ചതിന്റെ യാതൊരു രേഖയും സ്ഥാപനത്തിലില്ലായിരുന്നു. ഇത്തരത്തിലുള്ള ചില സംഭവങ്ങളിൽ, സ്ഥാപനയുടമ ആളുകൾക്ക് പണം നൽകി ഒത്തുതീർപ്പുണ്ടാക്കി.

സ്ഥാപനത്തിന്റെ മറവിൽ ജീവനക്കാർ സമാന്തര പണമിടപാട് നടത്തുകയും ചെയ്തിരുന്നു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമൊക്കെ പണം കടം വാങ്ങിയശേഷം ഉയർന്ന പലിശയ്ക്ക് മറിച്ചുനൽകി. കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയതോടെ സ്ഥാപനയുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതിനിടെ, രമ്യ കോടതിയിൽ കീഴടങ്ങിയതിനെത്തുടർന്ന് ഇവരെ റിമാൻഡുചെയ്തു. ജയിലിൽനിന്ന് പൊലീസ് കസ്റ്റഡിയിൽവാങ്ങിയ പ്രതിയെ വെള്ളിയാഴ്ച സീതത്തോട്ടിലെത്തിച്ച് തെളിവെടുത്തു. സീതത്തോട്ടിലെ ഒരു ഷെഡ്യൂൾഡ് ബാങ്കിൽനിന്ന് സ്വർണാഭരണങ്ങളിൽ ചിലത് കണ്ടെടുത്തു.

മറ്റൊരു ജീവനക്കാരിയായ ഭുവനമോളെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്. ചിറ്റാർ എസ്‌ഐ. സണ്ണിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here