പാലോട്: ചത്ത കേഴമാനിനെ കറിവെച്ച സംഭവത്തിൽ മൂന്നുപേർകൂടി അറസ്റ്റിൽ. വെമ്പായം കുതിരകുളം ഈട്ടിമൂട് തോട്ടരികത്ത് വീട്ടിൽ അൻഷാദ് ആർ(39), പാലോട് കക്കോട്ടു കുന്ന് ശരൺ ഭവനിൽ സതീശൻ (39), കക്കോട്ടുകുന്ന് കൂരിമൂട് വീട്ടിൽ രാജേന്ദ്രൻ എസ്.എസ് (49) എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പിലെ താൽക്കാലിക ഫയർ വാച്ചറാണ് അൻഷാദ്. കഴിഞ്ഞ മേയ് 10ന് ആയിരുന്നു സംഭവം.പാലോട് ഫോറസ്റ്റ് റേഞ്ചിലെ പച്ചമല സെക്ഷനിൽ കേഴമാനിന്റെ കാലിൽ മുറിവ് ഉണ്ടായത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ചികിത്സക്കായി മാനിനെ കൊണ്ടുപോയി. പിന്നീട് ഇതു ചത്തതായി അറിഞ്ഞു. മറ്റു നടപടികളൊന്നും ഉണ്ടാകാതെ വന്നപ്പോൾ നാട്ടുകാരിൽ ചിലർ വനം വകുപ്പിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേഴമാനിനെ ഉൾവനത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മാനിനെ കറിവെച്ചതായി കണ്ടെത്തി.
തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷജീദ് , ബീറ്റ് സെക്ഷൻ ഓഫിസർ അരുൺ ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തു. കാരാർ തൊഴിലാളി സനൽ രാജിനെ പുറത്താക്കി. തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.