വ്യാജമരുന്നുകളുടെ വിപണനം; കേരളത്തിനും ഭീഷണിയാകുന്നു

0

രാജ്യത്ത്‌ വിവിധയിടങ്ങളില്‍ വ്യാജമരുന്നുകളുടെ വിപണനം നടന്നുവെന്ന കണ്ടെത്തലുകളുടെ പശ്‌ചാത്തലത്തില്‍ ഏറ്റവും വലിയ മരുന്നു വിപണിയായ കേരളത്തിനും ഇത്‌ ഭീഷണിയാകുന്നു.
തെലങ്കാനയില്‍ ഗുണനിലവാര പരിശോധനയില്‍ ഗുണമില്ലെന്ന്‌ കണ്ടെത്തിയ തൈറോനോം ഗുളികകള്‍ വ്യാജമാണെന്ന്‌ നിര്‍മ്മാതാക്കള്‍ സ്‌ഥിരീകരിച്ചതോടെ വ്യാജമരുന്നുകള്‍ വിപണയില്‍ സുലഭമാണെന്ന്‌ വ്യക്‌തമായിരിക്കുകയാണ്‌.
തെലങ്കാന ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ അഡ്‌മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പരാജയപ്പെട്ട തൈറോയ്‌ഡിനുള്ള തൈറോനോം ഗുളികയുടെ ബാച്ച്‌ വ്യാജമാണെന്നാണ്‌ നിര്‍മ്മാണ കമ്പനിയായ അബോട്ട്‌ ഫാര്‍മ്മ വ്യക്‌തമാക്കിയത്‌. ഗുണനിലവാരമില്ലെന്ന്‌ തെലങ്കാന ഡ്രഗസ്‌ ടെസ്‌റ്റിങ്‌ ലാബില്‍ തെളിഞ ഈ ഗുളികകള്‍ തങ്ങള്‍ നിര്‍മ്മിക്കുകയോ വിതരണമോ വിപണനമോ ചെയ്‌തിട്ടില്ലെന്നുമാണ്‌ കമ്പനി അറിയിച്ചിരിക്കുന്നത്‌.
കഴുത്തിന്റെ അടിഭാഗത്ത്‌ സ്‌ഥിതി ചെയ്യുന്ന തൈറോയ്‌ഡ്‌ ഗ്രന്ഥിക്ക്‌ വേണ്ട ഹോര്‍മോണുകള്‍ ആവശ്യമായ അളവില്‍ ഉത്‌പാദിപ്പിക്കാത്ത ഹൈപ്പോതൈറോയിഡിസം അവസ്‌ഥയ്‌ക്ക്‌ ഉപയോഗിക്കുന്ന ലിവോതൈറോക്‌സിന്‍ അടങ്ങിയ മരുന്നാണ്‌ തൈറോനോം. രാജ്യത്തെ അനേകായിരം മെഡിക്കല്‍ ഷോപ്പുകളിലും ആശുപത്രി ഫാര്‍മസികളിലും അബൂട്ടിന്റെ തൈറോനോം ഗുളികകള്‍ ലഭ്യമാണ്‌. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ മരുന്ന്‌ ഉപയോഗത്തില്‍ ഒന്നാം സ്‌ഥാനത്ത്‌ നില്‍ക്കുന്ന കേരളത്തിലും വ്യാജന്‍ കടന്നു വന്നിരിക്കാമെന്ന സംശയമാണ്‌ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തുന്നത്‌.വാങ്ങുന്ന മരുന്നുകള്‍ വ്യാജമാണോയെന്ന്‌ തിരിച്ചറിയാന്‍ മരുന്നിന്റെ ലേബലില്‍ ക്യു ആര്‍ കോഡ്‌ നിര്‍ബന്ധമാക്കണമെന്നാണ്‌ ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം. ജന്‍ ഔഷധി മരുന്നുകളുടെ ലേബലിംഗില്‍ ക്യു ആര്‍ കോഡ്‌ സംവിധാനം ഉള്‍പ്പെടുത്തിവരുന്നുണ്ട്‌.
പനി മുതല്‍ കൊളസ്‌ട്രോള്‍, പ്രമേഹം, അര്‍ബുദം എന്നിവക്കെല്ലാം ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജനുകള്‍ വിപണിയിലെത്തുന്നതായി സംശയമുണ്ട്‌. നാല്‌ ലക്ഷം വ്യത്യസ്‌ത ബാച്ച്‌ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കേണ്ടിടത്ത്‌ കേവലം അയ്യായിരം ബാച്ച്‌ മരുന്നുകളുടെ സാമ്പിളുകള്‍ മാത്രമാണ്‌ പരിശോധിക്കപ്പെടുന്നത്‌. ഇത്‌ കാരണം ഗുണനിലവാരം കുറഞ്ഞവയും വ്യാജ മരുന്നുകളും കേരളത്തിലും സുലഭമായി വിറ്റഴിയപ്പെടാനിടയാക്കുമെന്ന ആശങ്ക ശക്‌തമാണ്‌.

Leave a Reply