‘കടലിൽ വീണ’ യുവതി ഒടുവിൽ പൊങ്ങിയത് കാമുകനൊപ്പം.! മൂന്ന് ദിവസത്തോളം വെറുതെ തിരഞ്ഞത് ഒരു കോടിയോളം രൂപ മുടക്കി; യുവതിയെ കാണാതായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

0


 

ഹൈദരാബാദ്: കടലിൽ വീണ് യുവതിയെ കാണാതായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ഭർത്താവുമൊത്ത് എത്തിയ 23 വയസ്സുകാരിയായ യുവതിയെ ആണ് കാണാതായത്. കടലിൽ വീണെന്ന് കരുതി യുവതിയെ മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാർഡും നാവികസേനയും കടലിൽ തിരച്ചിൽ നടത്തിയത്.

വിശാഖപട്ടണത്തെ ആർകെ ബീച്ചിലാണ് സംഭവം. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ.സായ് പ്രിയയെ ആണ് കാണാതായത്. താൻ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കൾക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്ക തീർന്നത്.

രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. 72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിൽ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തു. ചേതക് ഹെലികോപ്റ്ററും ദൗത്യത്തിൽ പങ്കുചേർന്നിരുന്നു. സിറ്റി മേയറും ഡപ്യൂട്ടി മേയറും സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ ഉറപ്പു വരുത്തിയിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ കടലിൽ തിരച്ചിൽ നടക്കുന്നതിനിടെയാണ് തന്നെ ആരും അന്വേഷിക്കേണ്ടെന്നും താൻ കാമുകനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന് സായ് പ്രിയ മാതാപിതാക്കളെ അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്‍ച രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനായി ആർകെ ബീച്ചിൽ എത്തിയപ്പോഴായിരുന്നു സായ് ‌പ്രിയയെ കാണാതായത്.

ഭാര്യയ്‌ക്കൊപ്പം ബീച്ചിൽ സമയം ചെലവഴിക്കുന്നതിനിടെ ശ്രീനിവാസ റാവുവിന് ഒരു ഫോൺ കോൾ വന്നിരുന്നു. ഭാര്യയിൽ നിന്ന് അൽപദൂരം മാറിനിന്ന് റാവു ഫോണിൽ സംസാരിച്ചു. ഈ സമയമത്രയും ബീച്ചിൽ നിൽക്കുകയായിരുന്നു സായ് ‌പ്രിയ. ശ്രീനിവാസ റാവു തിരികെയെത്തിയപ്പോൾ ഭാര്യയെ കണ്ടില്ല. ഭാര്യയെ കടലിൽ കാണാതായെന്ന സംശയത്തിൽ ഉറക്കെ നിലവിളിക്കാനും ബഹളം വയ്ക്കാനും ആരംഭിച്ചു. നാട്ടുകാരും പൊലീസും അധികൃതരും ഇതോടെ സ്ഥലത്തേക്ക് കുതിച്ചു. യുവതിക്കായി തിരച്ചിൽ ശക്തമാക്കുകയും ചെ‌യ്തു.

യുവതി ബെംഗളൂരുവിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പഠനകാലം മുതൽ സായ് ‌പ്രിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ നിർബന്ധിച്ചാണ് ശ്രീനിവാസ റാവുവുമായുള്ള വിവാഹം നടത്തിയത്. വിവാഹ ബന്ധത്തിൽ സായ് ‌പ്രിയ സന്തു‌ഷ്ടയായിരുന്നില്ല. സായ് പ്രിയ എങ്ങനെയാണ് ബെംഗളൂരുവിലേക്ക് പോയത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നു ത്രി ടൗൺ സിഐ കെ. രാമറാവു അറിയിച്ചു.

Leave a Reply