മൂന്നാം തവണയും ലത്തീഫിനെ തേടി കള്ളൻ എത്തി

0

വടകര: മൂന്നാം തവണയും ലത്തീഫിനെ തേടി കള്ളൻ എത്തി. വടകര ഒന്തംറോഡിൽ കേരള സ്റ്റോർ നടത്തുന്ന കെ.എംപി. ലത്തീഫിന്റെ കടയിലും വീട്ടിലും മോഷണം നടക്കുന്നത് ഇത് മൂന്നാം തവണയാണ്. ചൊവ്വാഴ്ച പുലർച്ചെ നടന്ന മോഷണത്തിൽ കടയിൽ സൂക്ഷിച്ചിരുന്ന പണംനഷ്ടമായില്ലെങ്കിലും പലചരക്കുസാധനങ്ങളും വിലകൂടിയ സിഗരറ്റും കള്ളൻ കൊണ്ടുപോയി.

പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് കഴിഞ്ഞദിവസം കടയിൽ മോഷണം നടത്തിയതെന്ന് സി.സി.ടി. ദൃശ്യത്തിലുണ്ടെങ്കിലും ആളെ വ്യക്തമല്ല. സമീപത്തെ രണ്ടുകടകളിലെ പൂട്ടുപൊളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ലത്തീഫിനെ ലക്ഷ്യം വെച്ച് കള്ളനെത്തുന്നത്. ഒന്നരവർഷംമുമ്പ് ഇതേകടയിൽനിന്ന് നാൽപ്പതിനായിരം രൂപയോളം കവർന്നിരുന്നു. ഒരുവർഷംമുമ്പ് ലത്തീഫിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ലത്തീഫിനെ ബന്ദിയാക്കി നടന്ന മോഷണത്തിൽ അന്ന് അൻപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു.

വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളിൽനിന്ന് കടകൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വടകര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്് എ.കെ. ജലീൽ ആവശ്യപ്പെട്ടു.

Leave a Reply