സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി നിലനിർത്തണമെന്ന സുപ്രീം കോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവരാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ

0

തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി നിലനിർത്തണമെന്ന സുപ്രീം കോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവരാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധിയിൽ കേരളം 12 ന് ഭേദഗതിഹർജി നൽകും. വിശദ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമനിർമ്മാണ സാധ്യതകൾ പരിശോധിക്കാൻ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ (എ.ജി.) ചുമതലപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ശശീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കണ്ടു കേരളത്തിന്റെ ആശങ്കകൾ ഉന്നയിക്കുന്നതും പരിഗണനയിലുണ്ട്.

സംരക്ഷിത വനമേഖലയ്ക്കുചുറ്റും ഒരു കിലോമീറ്റർ കരുതൽമേഖല ആക്കാനുള്ള കോടതിയുത്തരവ് ജനവാസമേഖലയെ ബാധിക്കുന്നത് ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് തീരുമാനം.

കരുതൽമേഖലയിൽ നിലവിലുള്ള കെട്ടിടങ്ങളെയും നിർമ്മാണ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങൾ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന് വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററെ ചുമതലപ്പെടുത്തി.

ജനവാസ മേഖല ഒഴിവാക്കി ബഫർ സോൺ പുനർനിർണയിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ മുൻപ് കേന്ദ്രത്തിനു നൽകിയ വിജ്ഞാപന നിർദ്ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പുതിയ ഉന്നതാധികാര സമിതി (സിഇസി) മുൻപാകെ ഒരാഴ്ചയ്ക്കകം സമർപ്പിക്കും.

കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസർക്കാരിനെയും കേന്ദ്ര ഉന്നതാധികാര സമിതിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീംകോടതിയെ അറിയിച്ച് അനുകൂലവിധി സമ്പാദിക്കുന്നതുവരെ കേന്ദ്രസർക്കാരുമായി ബന്ധപ്പെടാൻ കേരളം ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനംമന്ത്രി, ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരാണ് സമിതിയിലുള്ളത്.

യോഗത്തിൽ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, എ.ജി. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, വനംവകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗസ്സിങ് തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെ ചോദ്യോത്തരത്തിലൂടെയും അടിയന്തര പ്രമേയ നോട്ടിസിലൂടെയും പ്രതിപക്ഷം കൊണ്ടു വന്ന ബഫർ സോൺ വിഷയം നിയമസഭയിൽ ഇരുപക്ഷവും തമ്മിൽ ചൂടേറിയ തർക്കത്തിനിടയാക്കി. കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് നേതാവ് ജയറാം രമേശാണു ബഫർ സോൺ 10 കിലോമീറ്ററാക്കിയതെന്നും ഇതാണു പിന്നീടുള്ള തിരിച്ചടികൾക്കു വഴിവച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എന്നാൽ, കിലോമീറ്ററിന്റെ കണക്കു പറഞ്ഞിട്ടു കാര്യമില്ലെന്നും ജനവാസ മേഖല പൂർണമായി ഒഴിവാക്കാനുള്ള നടപടികളാണു കൈക്കൊള്ളേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.

ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നും തീരുമാനം എടുക്കുന്നില്ലെന്നും ആരോപിച്ചു പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ജനവാസ മേഖല ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ അടക്കം ആവശ്യം അംഗീകരിക്കുന്ന തീരുമാനത്തിലേക്കാണു നിയമസഭാ യോഗത്തിനു ശേഷം ഓൺലൈൻ ആയി ചേർന്ന ഉന്നതതല യോഗം എത്തിച്ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here