ഹോട്ടലിൽ മുറിയെടുത്തത് വെള്ളിയാഴ്ച്ച വൈകിട്ട്; എംഡിഎംഎ എത്തിച്ചത് ബെംഗളുരുവിൽ നിന്നും; ലഹരി മാഫിയയുടെ വല മുറിച്ച് ഡാൻസാഫ് ടീം

0


 

പന്തളം: പന്തളത്ത് നിന്നും എംഡിഎംഎയുമായി പിടിയിലായ അഞ്ചംഗ സംഘം ലഹരിക്കടത്ത് മാഫിയയുടെ കാരിയർമാരെന്ന് റിപ്പോർട്ട്. വളരെ കൃത്യമായ പ്ലാനോടെയാണ് സംഘം നീക്കം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്തളം മണികണ്ഠനാൽത്തറക്ക് സമീപമുള്ള റിവർ വോക്ക് ഹോട്ടലിൽ ഇന്നലെ വൈകിട്ട് ഷാഹിനയും മോനായി എന്ന് വിളിക്കുന്ന രാഹുലും മുറിയെടുത്തത്. പിന്നാലെ ഇന്ന് ആര്യൻ, വിധു കൃഷ്ണൻ, സജിൻ എന്നിവരും എത്തുകയായിരുന്നു. തെക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി മരുന്നുകൾ വിതരണം ചെയ്യുന്നവരാണ് ഇവർ.

ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് ടീം ഹോട്ടലിൽ പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ 154 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. കേരളത്തിൽ ഇതു വരെ നടന്നതിൽ വച്ച് ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.

അടൂർ പറക്കോട് ഗോകുലം വീട്ടിൽ മോനായി എന്ന രാഹുൽ (29), കൊല്ലം കുന്നിക്കോട് അസ്മിന മൻസിലിൽ ഷാഹിന (23), പള്ളിക്കൽ പെരിങ്ങനാട് ജലജു വിലാസം ആര്യൻ (21), പന്തളം കുടശനാട് പ്രസന്ന ഭവനം വിധു കൃഷ്ണൻ(20), കൊടുമൺ കൊച്ചുതുണ്ടിൽ സജിൻ (20) എന്നിവരാണ് പിടിയിലായത്. മുറിയിൽ നിന്ന് പായ്ക്കറ്റ് കണക്കിന് കോണ്ടവും വൈബ്രേറ്റർ പോലെയുള്ള ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു.

ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് ഇവർ പറഞ്ഞത്. 154 ഗ്രാം കൊമേഴ്സ്യൽ പർപ്പസിന് ഉപയോഗിക്കുന്നതാണ്. 10 ഗ്രാം വരെ കൈവശം വച്ചിരുന്നാൽ ജാമ്യം കിട്ടുന്ന വകുപ്പാണ്.

ചെറിയ ഗ്രാം തൂക്കത്തിൽ നാടിന്റെ പലഭാഗത്തായി മയക്കു മരുന്ന് എത്തിച്ചു നൽകുകയാണ് കാരിയർമാർ ചെയ്യുന്നത്. 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കിയാൽ പിടികൂടപ്പെട്ടാലും ജാമ്യം കിട്ടും. പന്തളത്തെ ഹോട്ടലിൽ വലിയ അളവിൽ കൊണ്ടു വന്ന ശേഷം പങ്കു വച്ച് വിൽക്കാനായിരുന്നു പദ്ധതി. മയക്കു മരുന്ന് കടത്തുന്നതിൽ സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പറയുന്നു.

പത്തനംതിട്ടയിൽ പിടിമുറുക്കി ലഹരി മാഫിയ

പത്തനംതിട്ട : ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോ​ഗം വർധിക്കുന്നെന്ന് റിപ്പോർട്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ലഹരിയുടെ പേരിൽ പരസ്യമായി തല്ലുകൂടുന്നതും നിത്യസംഭവമാകുന്നു. പൊലീസിനോട് പോലും മര്യാദവിട്ടാണ് ഇത്തരം സംഘങ്ങൾ പെരുമാറുന്നത്. ന​ഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം ഇത്തരം സംഘങ്ങൾ തമ്പടിച്ചിരിക്കുകയാണ്.

ജില്ലയിലെ പ്രധാന നഗരത്തിലെ കെട്ടിടത്തിൽ അവിചാരിതമായി പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘത്തെ കണ്ട പൊലീസ് എന്തിനിവിടെ വന്നുവെന്ന് അവരോട് അന്വേഷിച്ചപ്പോൾ ഞങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങളാരായെന്നായിരുന്നു മറുചോദ്യം. കയ്യിൽ കണ്ടെത്തിയ ലഹരിയെക്കുറിച്ച് ചോദിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളടക്കമുള്ളവർ ബഹളം വച്ച് അവിടെ നിന്നുപോയി. സ്ഥലത്തെ സ്ഥിരം കാഴ്ചയാണിതെന്ന് സമീപത്തെ വ്യാപാരികളും അഭിപ്രായപ്പെടുന്നു. വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നിരന്തരം അടിയുണ്ടാക്കുന്ന സ്ഥലം കൂടിയാണിത്. ഇങ്ങനെ ജില്ലയിലെ പല ഭാഗത്തും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സ്കൂൾ തുറക്കുന്നതിന് മുമ്പ് ആറുമാസം കൊണ്ട് എൺപത് ആയിരുന്ന കഞ്ചാവ് കേസുകൾ, അതിപ്പോൾ നൂറും അതിലധികവുമായി മാറി കഴിഞ്ഞിരിക്കുന്നു. അത്രയും തന്നെ പ്രതികളും ഈ കേസിൽ ഉൾപ്പെടുന്നുണ്ട്. സ്കൂൾ കുട്ടികൾ ഏജന്റായും അല്ലാതെയും പ്രവർത്തിക്കുന്നത് മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ കൗൺസലിംഗിനായി മാതാപിതാക്കൾ എത്തിക്കുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്ക് അടിമകളാണ്. കഞ്ചാവും മദ്യവും സാധാരണ ഭക്ഷണം പോലെ തന്നെയുള്ളുവെന്നാണ് ഒരു ഒൻപതാം ക്ലാസുകാരൻ കൗൺസലിംഗിനിടയിൽ പറഞ്ഞത്. ഒരു കിലോഗ്രാം കഞ്ചാവിൽ കൂടുതൽ കൈവശം വച്ചാൽ മാത്രമേ കേസെടുക്കാൻ കഴിയു. അല്ലാത്തവ പിഴയടച്ച് വിടുകയാണ് ചെയ്യുക. ഇത് ഒരു അവസരമായി ആണ് കഞ്ചാവ് മാഫിയകൾ കാണുന്നത്.

2022 ജനുവരി മുതൽ ജൂൺ വരെ

കഞ്ചാവ് കേസുകൾ : 100ൽ അധികം
പ്രതികൾ : 97 പേർ,
അറസ്റ്റിലായവർ : 92
ഒരു കഞ്ചാവ് ചെടിയും 5.42 കി.ഗ്രാം കഞ്ചാവും ഇതുവരെ പിടികൂടി.
ഒരു എം.ഡി.എം.എ കേസും 1.16 ഗ്രാം ഹാഷിഷ് ഓയിലും
23 സെറ്റ് ലഹരി ഗുളികകളും പിടികൂടി.

“ഇത്രയധികം സൗകര്യങ്ങളുണ്ടായിട്ടും ഇത്രയധികം കേസുകൾ പിടിക്കപ്പെടുന്നുണ്ടെങ്കിൽ എത്രയോ ഇരട്ടി കേസുകൾ സംഭവിക്കുന്നുണ്ടാകും. ചെറുപ്പക്കാർ വലിയ തോതിൽ കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമയാകുന്നുണ്ട്”- എക്സൈസ് അധികൃതർ

Leave a Reply