കരാർ കഴിഞ്ഞിട്ടും അപാർട്ട്മെന്റിൽ നിന്നൊഴിയാതെ വാടകക്കാരി ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി വീട്ടുടമ

0

കരാർ കഴിഞ്ഞിട്ടും അപാർട്ട്മെന്റിൽ നിന്നൊഴിയാതെ വാടകക്കാരി ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി വീട്ടുടമ. ഗ്രേറ്റര്‍ നോയ്ഡ സ്വദേശികളായ സുനില്‍ കുമാറും ഭാര്യ രാഖി ഗുപ്തയുമാണു വാടകക്കാരി ഉണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന് ഫ്ലാറ്റിലെ സ്റ്റെയർകെയ്സിനടിയിൽ കഴിയുന്നത്. വീട് തന്റേതാണെന്നും വീട്ടിൽ കയറാൻ സമ്മതിക്കുകയില്ലെന്നും വാടകക്കാരിയായ സ്ത്രീ ഇവരെ അറിയിക്കുകയായിരുന്നു.

ഗ്രേറ്റർ നോയിഡ സെക്ടറിൽ ശ്രീ രാധ സ്കൈ ഗാർഡൻ സൊസൈറ്റി എന്ന ഫ്ലാറ്റിലെ 16ബി എന്ന അപ്പാർട്മെന്റാണ് സുനിൽകുമാറും ഗൗരിയും 2021 ജൂലൈയിൽ പ്രീതി എന്ന യുവതിക്ക് വാടകയ്ക്കു നൽകിയത്. 11 മാസത്തേക്കാണ് വാടകച്ചീട്ട് എഴുതിയത്. അതു കഴിഞ്ഞമാസം അവസാനിച്ചിരുന്നു. രണ്ടു മാസങ്ങൾക്കുമുൻപ് വീട് ഒഴിഞ്ഞു തരണമെന്ന് പ്രീതിയെ അറിയിച്ചിരുന്നു. എന്നാൽ അവരു വകവച്ചില്ലെന്ന് രാഖി ദേശീയമാധ്യമത്തോടു പ്രതികരിച്ചു.

‘മേയിൽ ഓർമിപ്പിച്ചതാണ്. എന്നാൽ നിങ്ങൾ നാട്ടിലെത്തൂ. മറ്റൊരു വാടകവീട് സംഘടിപ്പിച്ചുതരാം’ എന്നായിരുന്നു മറുപടി. പിന്നീട് ഇവരുടെ മെസേജുകൾക്ക് മറുപടി അയയ്ക്കുന്നത് പ്രീതി നിർത്തി. പ്രീതിയുമായുള്ള വാടക കരാർ കൃത്യമായിരുന്നുവെന്ന് സുനിൽകുമാർ പറയുന്നു. ജൂൺ 10ന് കരാറിന്റെ കാലാവധി കഴിഞ്ഞു. രണ്ടു മാസങ്ങൾക്കു മുൻപ് ഏപ്രിൽ 19ന് തന്നെ വീട് ഒഴിയണമെന്ന് അറിയിച്ചിരുന്നു. അന്ന് അവർ ‘ഓക്കെ’ എന്ന മറുപടിയാണ് നൽകിയത്. അതുകൊണ്ടാണ് സാധനങ്ങളുമായി നോയിഡയിലേക്കു വന്നത്.

‘ജൂലൈ 19ന് പ്രീതിയെ ഭാര്യ ഗൗരി കണ്ടിരുന്നു. അന്നും അവർ മാറാമെന്നാണ് അറിയിച്ചത്. എന്നാൽ രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ‘നിങ്ങളെ എന്റെ വീട്ടിൽ കയറാൻ അനുവദിക്കില്ലെന്ന’ സന്ദേശമാണ് പ്രീതി അയച്ചത്. വീട് തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന നിലപാടാണ് അവർ പിന്നീടു പുലർത്തിയത്. കൃത്രിമ രേഖകൾ ഉപയോഗിച്ച് അവർ വീടിന്റെ ഉടമസ്ഥാവകാശം സംഘടിപ്പിച്ചുവെന്നു ഭയക്കുന്നു’ – ദമ്പതികൾ വ്യക്തമാക്കി.

തുടർന്നാണ് ദമ്പതിമാർ പൊലീസിന്റെ സഹായം തേടിയത്. സിവിൽ പ്രശ്നമായതിനാൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നു വീട്ടുടമ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പ്രീതിയോട് സ്റ്റേഷനിൽ എത്തണമെന്ന് പറഞ്ഞെങ്കിലും അവരിതുവരെ ഹാജരായിട്ടില്ല. ഇനി പൊലീസ് കമ്മിഷണറെ കാണാനിരിക്കുകയാണ് ഇവർ.

ബിപിസിഎല്ലില്‍നിന്ന് മാർച്ചിൽ വിരമിച്ചയാളാണ് വീട്ടുടമയായ കുമാര്‍. മുംബൈയിൽ താമസിച്ചിരുന്ന ഇരുവരും വാടകക്കാരി ഒഴിയുമെന്ന പ്രതീക്ഷയിലാണു നോയിഡയിലേക്ക് എത്തിയത്. അടുത്തിടെ വരെ ബന്ധുവിന്റെ വീട്ടിലാണ് കഴിഞ്ഞത്. നിവൃത്തിക്കെട്ടപ്പോഴാണ് സ്റ്റെയർകെയ്സിന്റെ അടിയിലേക്ക് താമസം മാറ്റിയത്.

Leave a Reply