ഇന്ത്യ – വെസ്റ്റിൻഡീസ് ട്വന്റി 20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം

0

ട്രിനിഡാഡ്: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പര വിജയത്തോടെ തുടക്കിടാനൊരുങ്ങിയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങുക. ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ അടക്കമുള്ള മുൻനിര താരങ്ങളെല്ലാം തിരിച്ചെത്തിയതോടെ കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ പ്രാദേശിക സമയം 10.30നും ഇന്ത്യൻ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലുമാണ് നടക്കുന്നത്.

ഏകദിന പരമ്പരയിൽ ശിഖർ ധവാന്റെ നേതൃത്വിലിറങ്ങിയ ഇന്ത്യ താരതമ്യേന പുതുമുഖങ്ങളുമായാണ് ഇറങ്ങിയതെങ്കിൽ പരിചയസമ്പന്നരായ താരങ്ങളുമായാണ് ട്വന്റി 20 പരമ്പരക്ക് ഇറങ്ങുന്നത്. ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന മാറ്റം.

രോഹിത്തിനൊപ്പം ഹാർദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവർ വിശ്രമത്തിനുശേഷം തിരിച്ചെത്തുന്നു. ഇവർക്ക് പുറമെ ദിനേശ് കാർത്തിക്, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ഹർഷൽ പട്ടേൽ എന്നിവരും ഇന്ത്യൻ ടീമിലുണ്ട്.

പരിക്കുമൂലം ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 ടെസ്റ്റ് പരമ്പരകൾ നഷ്ടമായ കെ എൽ രാഹുലിനെ വിൻഡീസിനെതിരായ പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരമ്പരക്ക് മുമ്പ് കോവിഡ് ബാധിച്ചതിനാൽ ഒഴിവാക്കി. ഈ സാഹചര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ആരാകും ഇന്നിങ്‌സ് തുറക്കുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇഷാൻ കിഷനാണ് രാഹുലിന് പകരം ബാക്ക് അപ്പ് ഓപ്പണറായി ടീമിലുള്ളത്. എന്നാൽ ഇംഗ്ലണ്ടിനെതിരെ എന്നപോലെ റിഷഭ് പന്തിനെ ഓപ്പണറാക്കിയുള്ള പരീക്ഷണം തുടരാനാണ് സാധ്യത.

വിരാട് കോലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ദീപക് ഹൂഡക്ക് അവസരം ലഭിച്ചേക്കും. നാലാം നമ്പറിൽ സൂര്യകുമാർ യാദവും പിന്നാല ഹാർദ്ദിക് പാണ്ഡ്യയും ക്രീസിലെത്തും. ദിനേശ് കാർത്തിക് ആറാം നമ്പറിലെത്തുമ്പോൾ കായികക്ഷമത തെളിയിച്ചാൽ രവീന്ദ്ര ജഡേജ അന്തിമ ഇലവനിലെത്തും. ജഡേജ ഇല്ലെങ്കിൽ അക്‌സർ പട്ടേൽ കളിക്കും. ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ് എന്നിവരാകും പേസർമാർ. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവോ രവി ബിഷ്‌ണോയിയോ അന്തിമ ഇലവിൽ എത്തിയേക്കും.

ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കമാണ് പരിശീലകൻ രാഹുൽ ദ്രാവിഡും സംഘവും ലക്ഷ്യമിടുന്നത്. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാസൺ ഇല്ലാത്തത് നിരാശയാണെങ്കിലും വമ്പൻ ഹിറ്റർമാുടെ നിരയുള്ള വിൻഡീസിനെതിരായ പോരാട്ടം ആവേശകരമാകുമെന്നാണ് പ്രതീക്ഷ.

ഏകദിന പരമ്പര പോലെ വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യയിൽ ഡിഡി സ്പോർട്സാണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്. ഫാൻ കോഡ് ആപ്ലിക്കേഷൻ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇൻഡീസിൽ ചാനലിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ടാകുക.

Leave a Reply