കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെനല്‍കാത്ത 164 സഹകരണസംഘങ്ങള്‍ സംസ്‌ഥാനത്തുണ്ടെന്നു സര്‍ക്കാര്‍

0

കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെനല്‍കാത്ത 164 സഹകരണസംഘങ്ങള്‍ സംസ്‌ഥാനത്തുണ്ടെന്നു സര്‍ക്കാര്‍. സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണിത്‌.
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്‌ക്കു പണമില്ലാതെ ഫിലോമിനയെന്ന വയോധിക മരിച്ചതു വിവാദമായതിനു പിന്നാലെയാണു പ്രതിസന്ധിയിലായ മറ്റ്‌ സഹകരണസംഘങ്ങളുടെ കണക്ക്‌ പുറത്തുവന്നത്‌. ഇത്തരം സംഘങ്ങളില്‍ ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ നടത്തിയ നൂറുകണക്കിനു പേര്‍ പ്രതിസന്ധിയില്‍.
കാലാവധി പൂര്‍ത്തിയായ നിക്ഷേപം തിരിച്ചുകൊടുക്കാത്ത സംഘങ്ങള്‍ കൂടുതലുള്ളതു തലസ്‌ഥാനജില്ലയിലാണ്‌. 100 കോടി രൂപയുടെ ക്രമക്കേട്‌ കണ്ടെത്തിയ കണ്ടല സഹകരണ ബാങ്ക്‌ ഉള്‍പ്പെടെ 37 എണ്ണം. കൊല്ലം-12, പത്തനംതിട്ട, ആലപ്പുഴ- 15 വീതം, കോട്ടയം-22, തൃശൂര്‍-11, മലപ്പുറം-12 എന്നിങ്ങനെയാണു മറ്റ്‌ ജില്ലകളില്‍ പ്രതിസന്ധിയിലായ സഹകരണസംഘങ്ങളുെട കണക്ക്‌.
നിക്ഷേപ ഗ്യാരന്റി (2018) പദ്ധതിപ്രകാരം രണ്ടുലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കാണു നിലവില്‍ സുരക്ഷയുള്ളത്‌. ഈപരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ധനവിനിയോഗത്തിലെ ക്രമക്കേട്‌ മുതല്‍ വായ്‌പയെടുത്തവര്‍ യഥാസമയം തിരിച്ചടയ്‌ക്കാത്തതുവരെ സംഘങ്ങളുടെ പ്രതിസന്ധിക്കു കാരണമാണ്‌. സമഗ്ര സഹകരണനിയമം വരുന്നതോടെ ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here