കോതമംഗലത്തുണ്ടായ കനത്ത കാറ്റിലും മഴയിലും ദുരിതത്തിലായവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടര്‍

0

കോതമംഗലത്തുണ്ടായ കനത്ത കാറ്റ്:

നാശനഷ്ടം സംഭവിച്ചവര്‍ക്ക് സഹായം ലഭ്യമാക്കാനുള്ള
നടപടികള്‍ വേഗത്തിലാക്കും: ജില്ലാ കളക്ടര്‍

നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

കോതമംഗലത്തുണ്ടായ കനത്ത കാറ്റിലും മഴയിലും ദുരിതത്തിലായവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ഇതിനായി നാശനഷ്ടങ്ങള്‍ വിലയിരുത്തി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കും. നാശ നഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ഭാഗികമായും പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്കുള്ള സഹായങ്ങളും ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കാറ്റില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ അയ്യങ്കാവ്, വലിയകാവ്, വലിയപാറ മേഖലകളായിരുന്നു ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചത്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്ന കെ.എന്‍ മണി, ഇ.എ ഉണ്ണികൃഷ്ണന്‍, ചിന്നമ്മ ആന്റണി, ലാലി വര്‍ഗീസ് എന്നിവരുടെ വീടുകളില്‍ കളക്ടര്‍ നേരിട്ടെത്തി. ഇവരോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും എത്രയും വേഗം ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. വിളവെടുപ്പിനു പാകമായി നിന്നിരുന്ന ഒരേക്കര്‍ സ്ഥലത്തെ റംബുട്ടാന്‍ കൃഷി പൂര്‍ണമായും നശിച്ച മാര്‍ട്ടിന്‍ സണ്ണിയുടെ കൃഷിയിടവും കളക്ടര്‍ സന്ദര്‍ശിച്ചു. കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കു നഷ്ടപരിഹാരം എത്രയും വേഗം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍ അനി, കോതമംഗലം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന്‍, നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം നൗഷാദ്, തഹസില്‍ദാര്‍ കെ.എം നാസര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് കോതമംഗലം താലൂക്കിലെ കടവൂര്‍, കട്ടമംഗലം, കോതമംഗലം, തൃക്കാരിയൂര്‍ വില്ലേജുകളില്‍ കാറ്റും മഴയും നാശം വിതച്ചത്. താലൂക്ക് അധികൃതര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 71 വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇതില്‍ 67 വീടുകള്‍ ഭാഗികമായും 4 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. റബറും തേക്കും റംബുട്ടാനും ഉള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണതിനാല്‍ മിക്ക പ്രദേശത്തും രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയ സ്ഥിതിയായിരുന്നു.

മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ
നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കോതമംഗലത്തുണ്ടായ ശക്തമായ കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍ അനിയുടെ നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ഓഫിസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണു തീരുമാനം. ബന്ധപ്പെട്ട വകുപ്പുകള്‍ കഴുയുന്നത്ര വേഗത്തില്‍ കാര്യങ്ങള്‍ നീക്കണം.

വീടുകള്‍ക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അപേക്ഷ സ്വീകരിച്ച് നടപടികള്‍ വേഗത്തിലാക്കണം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്താന്‍ കഴിയും. കൃഷി നാശം സംബന്ധിച്ച് കൃഷിവകുപ്പും കണക്കെടുപ്പ് പൂര്‍ത്തിയാക്കി വരുകയാണ്. കൃഷി നാശമുണ്ടായവര്‍ എഐഎംഎസ് (AIMS) പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.

വൈദ്യുതി ബന്ധം തകരാറിലായ തൊണ്ണൂറ് ശതമാനം ഇടങ്ങളിലും കണക്ഷന്‍ വെള്ളിയാഴ്ച വൈകിട്ടോടെ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ വൈദ്യുത പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പ്രത്യേക ലൈന്‍ വലിച്ചും വൈദ്യുതി ലഭ്യമാക്കുന്നുണ്ട്.

യോഗത്തില്‍ കോതമംഗലം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എ നൗഷാദ്, തഹസില്‍ദാര്‍ കെ.എം നാസര്‍, പോലീസ്, ഫയര്‍ ഫോഴ്സ്, കെ.എസ്.ഇ.ബി, കൃഷി, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here