പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു

0

കൊല്ലം: അഷ്ടമുടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ തിങ്കളാഴ്ചയാണ് മരിച്ചത്. ഇന്നാണ് കുഞ്ഞ് മരിച്ചത്. കുട്ടി കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞും മരിച്ചത്. അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹർഷയുടെ മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.

പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ യുവതി മരിച്ചു. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാർ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം പറയുന്നു.

നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ അഷ്ടമുടി സഹകരണ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഹൃദയാഘാതമാണ് ഹർഷയുടെ മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാൻ വൈകിയില്ലെന്നുമാണ് അഷ്ടമുടി സഹകരണ ആശുപത്രിയുടെ വിശദീകരണം.

പാലക്കാട് തങ്കം ആശുപത്രിയിൽ സമാന സംഭവം ഈ മാസം ആദ്യം നടന്നിരുന്നു. തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവർ ജന്മം നൽകിയ നവജാത ശിശുവുമാണ് മരിച്ചത്. കുഞ്ഞ് മരിച്ച് അടുത്ത ദിവസമായിരുന്നു ഐശ്വര്യയുടെ മരണം. മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു.

Leave a Reply