ബഫര്‍സോൺ; 2019-ലെ ഉത്തരവ്‌ തിരുത്താന്‍ മന്ത്രിസഭായോഗ തീരുമാനം

0

ബഫര്‍സോണുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കു വഴിമരുന്നായെന്നു പറയപ്പെടുന്ന 2019-ലെ ഉത്തരവ്‌ തിരുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റും ഇക്കോ സെന്‍സിറ്റീവ്‌ സോണ്‍ നിശ്‌ചയിക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക്‌ യോഗം അംഗീകാരം നല്‍കി.
വനാതിര്‍ത്തിക്ക്‌ ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ ബഫര്‍ സോണ്‍ എന്നതായിരുന്നു 2019 ലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഈ ഉത്തരവ്‌ തിരുത്താതെ ജനവാസകേന്ദ്രങ്ങളെ ബഫര്‍ സോണില്‍നിന്ന്‌ ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടു കാര്യമില്ലെന്ന്‌ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ വിവാദ ഉത്തരവ്‌ തിരുത്തിയത്‌. ഇതിനൊപ്പം, സുപ്രീം കോടതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകാന്‍ വനംവകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്‌ഥിതി മേഖല നിര്‍ബന്ധമാക്കിയുള്ള വിധിക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ഇളവ്‌ ആവശ്യപ്പെട്ടുള്ള പരിഷ്‌കരണ ഹര്‍ജിയാണ്‌ കേരളം ഉദ്ദേശിച്ചിരുന്നത്‌. കോടതി നിലപാട്‌ എതിരായാല്‍ നിയമനിര്‍മാണ സാധ്യതകളടക്കം പരിശോധിക്കാനും നീക്കമുണ്ടായിരുന്നു. എന്നാല്‍, ഉടന്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടെന്നാണ്‌ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലുള്ള തീരുമാനം. ഒരു മന്ത്രിസഭായോഗം എടുത്ത തീരുമാനം തിരുത്താന്‍ മറ്റൊരു മന്ത്രിസഭായോഗത്തിനു മാത്രമേ കഴിയൂ. അതുകൊണ്ടാണ്‌ ആദ്യം വിവാദ ഉത്തരവ്‌ തിരുത്തിയത്‌.
ഇനി ഈ ഉത്തരവും ഇതില്‍ കേന്ദ്രത്തിന്റെ നിലപാടും മറ്റ്‌ സംസ്‌ഥാനങ്ങളുടെ അഭിപ്രായങ്ങളുമൊക്കെ പരിശോധിച്ചാകും കോടതിയെ സമീപിക്കുക.

Leave a Reply