ജാമ്യ വ്യവസ്ഥ ലംഘിച്ച കുറ്റവാളിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. പാറക്കടവ് കുറുമശേരി പള്ളിയറക്കൽ വീട്ടിൽ വിനേഷ് (കണ്ണൻ സ്രാങ്ക് 42) ന്‍റെ ജാമ്യമാണ് റദ്ദാക്കിയത്. കുറുമശേരിയിൽ ജയപ്രകാശ് എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഇയാൾക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യവസ്ഥകൾ ലംഘിച്ച് കഴിഞ്ഞ മാർച്ചിൽ കുറുമശേരിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ സെഷൻസ് കോടതി ജാമ്യം റദ്ദ് ചെയ്തു. കൊലപാതകം, വധശ്രമം തുടങ്ങി വിവിധ കേസുകളിലെ പ്രതിയാണ് ഇയാൾ. ചെങ്ങമനാട് എസ് .ഐ പി.ജെ കുര്യാക്കോസ്, എ.എസ്.ഐ സിനു മോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കുറ്റവാളികൾ നിരീക്ഷണത്തിലാണെന്നും, ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.