അപൂര്‍വ നേട്ടവുമായി സ്‌പെയിന്റെ ടെന്നീസ്‌ താരം കാര്‍ലോസ്‌ അല്‍കാറസ്‌

0

മാഡ്രിഡ്‌: അപൂര്‍വ നേട്ടവുമായി സ്‌പെയിന്റെ ടെന്നീസ്‌ താരം കാര്‍ലോസ്‌ അല്‍കാറസ്‌. എ.ടി.പി. ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണു 19 വയസുകാരനായ അല്‍കാറസ്‌ കുറിച്ചത്‌.
21-ാം നൂറ്റാണ്ടില്‍ റാഫേല്‍ നദാലിനു ശേഷം ഈ നേട്ടം കുറിക്കുന്ന ആദ്യ താരമാണ്‌. 2005 മേയില്‍ നദാല്‍ ആദ്യ അഞ്ചിലെത്തുമ്പോള്‍ 18 വയസുകാരനായിരുന്നു. ഹാംബര്‍ഗ്‌ യൂറോപ്യന്‍ ഓപ്പണ്‍ ഫൈനലില്‍ ലോറന്‍സോ മുസേറ്റിയോടു തോറ്റില്ലായിരുന്നെങ്കില്‍ അല്‍കാറസ്‌ നാലാം സ്‌ഥാനക്കാരനാകുമായിരുന്നു. നദാല്‍ 2005 മേയ്‌ ഒന്‍പതിന്‌ ലോക അഞ്ചാമനാകുമ്പോള്‍ 18 വര്‍ഷവും 11 മാസവും ആറു ദിവസവുമായിരുന്നു പ്രായം. 19 വര്‍ഷവും രണ്ട്‌ മാസവും 20 ദിവസവുമായിരിക്കേയാണ്‌ അല്‍കാറസ്‌ അഞ്ചാമനായത്‌. മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക്‌ ജോക്കോവിച്ച്‌ 2007 ഏപ്രില്‍ 30 ന്‌ അഞ്ചാമനാകുമ്പോള്‍ 19 വര്‍ഷവും 11 മാസവും എട്ട്‌ ദിവസവും പ്രായമായിരുന്നു. ഓസ്‌ട്രേലിയയുടെ ല്യൂട്ടന്‍ ഹെവിറ്റ്‌ 2001 ജൂണ്‍ 25 ന്‌ ആദ്യ അഞ്ചിലെത്തുമ്പോള്‍ 20 വര്‍ഷവും നാലു മാസവും ഒരു ദിവസവുമായിരുന്നു പ്രായം.
ഈ സീസണ്‍ ആരംഭിക്കുമ്പോള്‍ അല്‍കാറസ്‌ ലോക 32-ാം സ്‌ഥാനക്കാരനായിരുന്നു. കൗമാരകാലത്തു തന്നെ ആദ്യ അഞ്ചിലെത്തുന്ന മൂന്നാമനാണ്‌. നദാലും ജോക്കോയുമാണു മുന്‍ഗാമികള്‍. ഈ സീസണില്‍ അല്‍കാറസും നദാലും നാല്‌ വീതം എ.ടി.പി. കിരീടങ്ങള്‍ നേടി. റഷ്യയുടെ ഡാനില്‍ മെദ്‌വദേവ്‌ ലോക ഒന്നാം നമ്പര്‍ സ്‌ഥാനത്തു തുടരുകയാണ്‌.
7,775 പോയിന്റാണ്‌ താരത്തിന്റെ നേട്ടം. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്‌ 6,850 പോയിന്റുമായി രണ്ടാമതും നദാല്‍ 6,165 പോയിന്റുമായി മൂന്നാമതുമാണ്‌. ഗ്രീസിന്റെ സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌ 5,045 പോയിന്റുമായി അല്‍കാറസിനു മുന്നിലുണ്ട്‌.
മെദ്‌വദേവിനു വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാമില്‍ പങ്കെടുക്കാനായില്ല. യുക്രൈന്‍ അധിനിവേശം കാരണം വിമ്പിള്‍ഡണ്‍ സംഘാടക സമിതി റഷ്യ, ബെലാറസ്‌ താരങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here