ഷാബാ ഷെരീഫ്‌ വധം: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ അറസ്‌റ്റില്‍

0

നിലമ്പൂര്‍: നിലമ്പൂരില്‍ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊന്ന്‌ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ അറസ്‌റ്റില്‍. വയനാട്‌ മേപ്പാടി പൂളവയല്‍ ഫസ്‌ന(28)യെയാണ്‌ നിലമ്പൂര്‍ ഇന്‍സ്‌പെക്‌ടര്‍ പി. വിഷ്‌ണുവും സംഘവും മേപ്പാടിയില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ ഫസ്‌നയെ റിമാന്‍ഡ്‌ ചെയ്‌തു.
ഷാബാ ഷെരീഫിനെ ഒന്നേകാല്‍ വര്‍ഷം ചങ്ങലയ്‌ക്കിട്ടു തടങ്കലില്‍ പാര്‍പ്പിച്ചത്‌ നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിലായിരുന്നു. ഈ സമയം ഫസ്‌ന ഇവിടെ താമസിച്ചിരുന്നു. ഭര്‍ത്താവിനെയും കൂട്ടുപ്രതികളെയും രക്ഷിക്കുന്നതിനായി തെളിവ്‌ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ ഇവര്‍ക്കെതിരേയുള്ള കുറ്റം.
മുക്കട്ടയിലെ വീട്ടില്‍വച്ച്‌ വൈദ്യനെ കൊന്നശേഷം പുലര്‍ച്ചെ എടവണ്ണ സീതിഹാജി പാലത്തില്‍നിന്നു മൃതദേഹം പുഴയില്‍തള്ളിയ കൂട്ടുപ്രതികള്‍ ടൗണിലുള്ള ലോഡ്‌ജിലെത്തി വിശ്രമിച്ചിട്ട്‌ രാത്രി പത്തോടെ പ്രതിഫലം വാങ്ങാന്‍ ഷൈബിന്റെ ബംഗ്ലാവിലെത്തിയിരുന്നു. രാത്രി പന്ത്രണ്ടോടെ ഷൈബിനും ഭാര്യ ഫസ്‌നയും കേക്ക്‌ മുറിച്ച്‌ മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്‌തു. ഇതിനുശേഷമാണ്‌ പ്രതികള്‍ ബത്തേരിയിലേക്കു മടങ്ങിയത്‌.
ഫസ്‌നയെ പലപ്രാവശ്യം ചോദ്യംചെയ്ാന്‍ വിളിയപ്പിച്ചിരുന്നെങ്കിലും പോലിസിനോടു സഹകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. അറസ്‌റ്റ്‌ ചെയ്‌ത കൂടുതല്‍ പ്രതികളെ ചോദ്യംചെയ്‌തതിലൂടെയാണ്‌ കേസില്‍ ഫസ്‌നയുടെ പങ്ക്‌ വ്യക്‌തമായത്‌. ഇതോടെ ഫസ്‌ന ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. പോലിസ്‌ പിന്തുടരുന്ന വിവരം മനസിലാക്കിയ അവര്‍ എറണാകുളത്തുനിന്നു വയനാട്ടിലേക്കു കടന്നു. അറസ്‌റ്റ്‌ ഒഴിവാക്കാന്‍ അഭിഭാഷകന്റെ നിര്‍ദേശമനുസരിച്ച്‌ വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്‌മിറ്റായി. അവിടെ പോലിസ്‌ എത്തുമെന്നു മനസിലായപ്പോള്‍ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജായി ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ മേപ്പാടിയില്‍വച്ച്‌ പൊലിസ്‌ പിടികൂടിയത്‌.
മൃതദേഹം കണ്ടെത്താനാകാത്ത കേസില്‍ പരമാവധി ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ അന്വേഷണസംഘം. ഷൈബിന്റെ നിയമസഹായിയായ റിട്ട. എസ്‌.ഐയും ഉടന്‍ പിടിയിലാകുമെന്നാണു സൂചന. കേസില്‍ 12 പേരാണ്‌ ഇതുവരെ അറസ്‌റ്റിലായത്‌. മൂന്നുപേര്‍ ഒളിവിലാണ്‌.
2019 ഓഗസ്‌റ്റിലാണ്‌ മൈസൂര്‍ സ്വദേശിയായ പാരമ്പര്യചികിത്സാ വിദഗ്‌ധന്‍ ഷാബാ ഷെരീഫിനെ നിലമ്പൂരിലേക്കു തട്ടിക്കൊണ്ടുവന്നു വധിച്ചത്‌.

Leave a Reply