ലുലു മാളിൽ നമസ്‌കരിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്

0

ലഖ്‌നൗ: ലുലു മാളിൽ നമസ്‌കരിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. ലക്‌നൗവിലെ ലുലുമാളിൽ നിസ്കരിച്ച അജ്ഞാതർക്കെതിരെയാണ് ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്. മാൾ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈന്റെ പരാതിയെ തുടർന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അജ്ഞാതർ അനുമതിയില്ലാതെ വന്ന് മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. നേരത്തെ, വിശ്വാസികൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഹിന്ദുമഹാസഭ മാളിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

ശിക്ഷാ നിയമത്തിലെ 153 എ (1) (വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295എ (മതവികാരം വ്രണപ്പെടുത്താനുള്ള പ്രവർത്തനം), 341 (തെറ്റായ നിയന്ത്രണം), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന നടത്തൽ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നമസ്‌കാരത്തിൽ മാൾ ജീവനക്കാരോ മാനേജ്‌മെന്റോ ഉൾപ്പെട്ടതായി അറിവില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം നമസ്‌കാരത്തിന്റെ വീഡിയോ വൈറലായതോടെ, ഇതാവർത്തിച്ചാൽ മാളിൽ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ‘മാളിൽ നമസ്‌കാരം തുടർന്നാൽ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കും. മാളിൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാൾ നിർമിക്കാൻ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധർമം ആചരിക്കുന്നവർ മാൾ ബഹിഷ്‌കരിക്കണം’- എന്നായിരുന്നു ഹിന്ദുമഹാസഭ ദേശീയ വക്താവ് ശിശിർ ചതുർവേദി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.

ആർഎസ്എസ് മുഖവാരികയായ ‘ഓർഗനൈസർ’ അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റർ ഹാൻഡിലുകൾ നമസ്‌കാരത്തിന്റെ വീഡിയോ പങ്കുവച്ചു. ‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നു കൊടുത്ത ലുലുമാളിൽ മുസ്ലിംകൾ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്ലിംകളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ് എന്നാണ് പറയപ്പെടുന്നത്’ – എന്ന ശീർഷകത്തോടെയാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.

രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച മാൾ തിങ്കളാഴ്ചയാണ് ആളുകൾക്കായി തുറന്നു കൊടുത്തത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിന്റെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, 11 സ്‌ക്രീൻ സിനിമ, ഫുഡ് കോർട്ട്, മൂവായിരത്തിലധികം വാഹന പാർക്കിംഗ് സൗകര്യം എന്നിവ മാളിന്റെ സവിശേഷതകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here