പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്; തിരുത്തലിനുള്ള സമയം ഇന്ന് 5 മണി വരെ

0

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള സമയം ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ. വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് ഇന്ന് നോക്കാം. ട്രയൽ അലോട്ട്‌മെന്റ് നേരത്തെ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫലം വന്ന് 24 മണിക്കൂർ കഴിഞ്ഞും അലോട്ട്‌മെന്റ് ലഭ്യമായിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ട്രയൽ അലോട്മെന്റ് വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ചെങ്കിലും തിരക്കു മൂലം വെബ്സൈറ്റിനുണ്ടായ തകരാറാണ് ഇന്നലെ ഉച്ചയോടെ പരിഹരിച്ചത്. വീട്ടിൽ കംപ്യൂട്ടർ / ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾക്ക് അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ അക്ഷയ കേന്ദ്രങ്ങളും ഇന്റർനെറ്റ് കഫേകളും മറ്റുമാണ് ആശ്രയം. അവസാന ദിവസമായ ഇന്നു ഞായർ ആയതിനാൽ ഈ സൗകര്യങ്ങൾ എത്രത്തോളം ലഭ്യമാകുമെന്ന ആശങ്കയുണ്ട്. അപേക്ഷാ സമർപ്പണത്തിൽ സഹായിക്കാൻ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ ഹെൽപ് ഡെസ്കുകളുണ്ടെങ്കിലും ഇന്നു പ്രവർത്തിക്കണമെന്ന് ഇവർക്കു നിർദേശമില്ല.
വെബ്‌സൈറ്റ് ശരിയായെങ്കിലും ട്രയൽ അലോട്ട്‌മെന്റ് നോക്കാനുള്ള തീയതി നീട്ടി നൽകണം എന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. എന്നാൽ നിലവിൽ തീയതി നീട്ടേണ്ട കാര്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്‌മെൻറ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കാനാണ് തീരുമാനം.
ഇന്നലെ ഉച്ചവരെ 1,76,076 പേർ അലോട്മെന്റ് പരിശോധിക്കുകയും 47,395 പേർ അപേക്ഷയിൽ മാറ്റം വരുത്തുകയും ചെയ്തതായി വകുപ്പ് അറിയിച്ചു. എന്നാൽ മൊത്തം 4.71 ലക്ഷം അപേക്ഷകരിൽ 3 ലക്ഷത്തോളം പേർ അപ്പോഴും ബാക്കിയാണ്.

Leave a Reply