പ്ലാവിനു സമീപത്തെ ചെടികളെയും വൃക്ഷ‍ങ്ങളെയും ആക്രമിച്ചു പൂർണമായി നശിപ്പിക്കും; ചക്കയ്ക്കു ഗുരുതര ഭീഷണിയായി കുമിൾ രോഗം; 4 ജില്ലകളിൽ റിപ്പോ‍ർട്ട് ചെയ്തു

0

പ്ലാ‍വിനു ഭീഷണിയായി കുമിൾ രോഗം പടരുന്നു. മണ്ണിനോടു ചേർന്നു കിടക്കുന്ന കായ്‍കളെ ബാധിച്ച് വളരെ വേഗം മറ്റു ചക്കകളിലേക്കും മരത്തിലേക്കും വ്യാപിച്ച് എല്ലാം നശിപ്പിക്കുന്ന രോഗമാണിത്. മണ്ണു‍ജന്യ രോഗാണു‍വായതിനാൽ പ്ലാവിനു സമീപത്തെ ചെടികളെയും വൃക്ഷ‍ങ്ങളെയും ആക്രമിച്ചു പൂർണമായി നശിപ്പിക്കും. രാജ്യത്ത് ആദ്യമായാണു ചക്കയിൽ കുമിൾ രോഗം കണ്ടെത്തുന്നത്.

കാർഷിക സർവകലാശാലയ്ക്കു കീഴിൽ തിരുവനന്തപുരത്ത് കരമനയിലു‍ള്ള സംയോജിത കൃഷി ഗവേഷണ കേന്ദ്രത്തിലെ (ഐഎഫ്എസ്‍ആർഎസ്) ഗവേഷകരാണു ചക്കയിലെ കുമിൾ രോഗം കണ്ടെത്തിയത്. തിരുവനന്തപുരം കൈമ‍നത്തെ കർഷകന്റെ പുരയിടത്തിൽ നിന്നു ശേഖരിച്ച ചക്കയിലെ സാംപിളുകളാണു കഴി‍ഞ്ഞ നവംബറിൽ ഇവിടെ പരിശോധിച്ചത്.

കോട്ടയം പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നു ശേഖരിച്ച ചക്കകളുടെ സാംപിളുകളും കൂടി പരിശോധിച്ചതോടെ രോഗം സ്ഥിരീകരിച്ചു. ഈ വർഷമാദ്യം ശക്തമായ മഴയെത്തുടർന്നു രോഗം വ്യാപിച്ചു. പഴുക്കാത്ത ചക്കയി‍ലാണു കുമിൾ രോഗം കണ്ടെത്തിയത്. കർഷകർ അതീവ ജാഗ്രത പാലിക്കണമെന്നു വിദഗ്ധർ നിർദേശിച്ചു.

രോഗലക്ഷണം

അഥീ‍ലിയ റോൾ‍ഫ്സി എന്നാണു രോഗാണു‍വിന്റെ പേര്. വിവിധ വിളകളെ ഇത് ആക്രമിക്കും. കുമിൾ രോഗം ബാധിച്ചു ചക്കകൾ ചീഞ്ഞഴു‍കുന്നത് ഇതാദ്യ‍മാണെന്ന് ഐഎഫ്എസ്‍ആർഎസിലെ അസി.പ്രഫസർ ഡോ.എ.സജീന പറഞ്ഞു.

കാറ്റിലൂടെയും മഴത്തുള്ളികളിലൂടെയുമാണു രോഗം പടരാൻ സാധ്യത. ജേണൽ ഓഫ് പ്ലാന്റ് പതോളജിയിൽ ഗവേഷണ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചക്കയുടെ പുറമേ തൂവെളള നിറത്തിലുളള കുമിളിന്റെ വളർച്ചയാണ് ആദ്യ ലക്ഷണം. തുടർന്ന്, ഉൾഭാഗത്തേക്കും രോഗം ബാധിച്ചു ചക്ക ചീഞ്ഞു നശിക്കും.

പ്രതിരോധം

രോഗലക്ഷണം കണ്ടാലുടൻ ചക്കകൾ (മണ്ണിനോടു ചേർന്നുള്ളതും തൊട്ടു മുകളിലുള്ളതും) പൂർണമായി വെട്ടിമാറ്റി നശിപ്പിക്കണം. കുമിൾ രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചു കാർഷിക സർവകലാശാലയിൽ പഠനം ആരംഭിച്ചു.

Leave a Reply