പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസില്‍ പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ്അറസ്റ്റില്‍

0

കോഴിക്കോട്: മതിയായ രേഖകളില്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന കേസില്‍ പുല്ലുവഴി കരുണാ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ്അറസ്റ്റില്‍. ട്രസ്റ്റിന്റെ കീഴിലുള്ള അനാഥലയത്തിലേക്ക് രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന 12 പെണ്‍കുട്ടികളെ ഇന്നലെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികളെ കൊണ്ടുവന്ന ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയില്‍വേ പോാലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു.
അതേസമയം, കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍. കുട്ടികളെ എന്തിന് എത്തിച്ചു എന്നതില്‍ ദുരൂഹതയുണ്ട്. കുട്ടികളെ കൊണ്ട് വരുമ്പോള്‍ പാലിക്കേണ്ട ഒരു നിബന്ധനയും കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് പാലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. ട്രസ്റ്റിനെതിരെ അന്വേഷണം നടത്താന്‍ എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായും അബ്ദുള്‍ നാസര്‍ കോഴിക്കോട് പറഞ്ഞു.

കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ അറിയിച്ചു. ഇടയ്ക്ക് പ്രവര്‍ത്തനം നിര്‍ത്തിയ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് വീണ്ടും ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജസ്ഥാനില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് ഹോസ്പിറ്റലില്‍ താമസിപ്പിച്ച് പഠിപ്പിക്കാനാണെന്ന് ട്രസ്റ്റ് അംഗം ഷെല്‍ബി പറഞ്ഞു. മുമ്പ് ഇവിടെ പഠിച്ച കുട്ടികളാണ് രാജസ്ഥാനില്‍ നിന്ന് കൂടുതല്‍ കുട്ടികളെ എത്തിച്ചത്. 2017 വരെ ചില്‍ഡ്രന്‍സ് ഹോം നടത്താന്‍ അനുമതി ഉണ്ടായിരുന്നു. വീണ്ടും അനുമതിക്കായി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്ന് ഷെല്‍ബി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here