37 വർഷത്തിനു ശേഷം വീണ്ടും ‘ദേവദൂതർ പാടി’; അമ്പലപ്പറമ്പിൾ തകർപ്പൻ ചുവടുമായി ചാക്കോച്ചനും; ആശംസ അറിയിച്ച് വീഡിയോ പങ്കുവെച്ച് മമ്മൂട്ടി; ന്ന താൻ കേസ് കൊട് ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

0

തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ വൻ മേക്കോവറിൽ എത്തുന്ന ചിത്രമാണ് ന്നാ താൻ കേസ് കൊട്. ചിത്രത്തിലെ പോസ്റ്ററുകളും ടീസറുമെല്ലാം ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റായ ദേവദൂതർ പാടി എന്ന ഗാനമാണ് ചിത്രത്തിൽ പുനഃരവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയാണ് ഗാനം പുറത്തുവിട്ടത്.

മമ്മൂട്ടി നായകനായി എത്തിയ കാതോട് കാതോരം എന്ന സിനിമയിലെ ഗാനമാണിത്. 37 വർഷത്തിനു ശേഷം ഗാനം പുനരാവിഷ്‌കരിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ഗാനം പുറത്തുവിട്ടത്. മമ്മൂട്ടിയും ടീമിനും ആശംസയും താരം അറിയിച്ചിട്ടുണ്ട്.

അമ്പലപ്പറമ്പിലെ ഗാനമേളയ്ക്ക് ഗാനം പാടുന്നതായാണ് ചിത്രത്തിലുള്ളത്. പാട്ടു കേട്ട് കാണികൾക്ക് ഇടയിൽ നിന്ന് രസകരമായി ഡാൻസ് ചെയ്യുന്ന കുഞ്ചാക്കോ ബോബനേയും കാണാം. പാട്ടിനൊപ്പം തന്നെ ചാക്കോച്ചന്റെ ചുവടുകളും ആരാധകരുടെ ഹൃദയം കവരുകയാണ്. ഒഎൻവിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകർന്നത്. കെജെ യേശുദാസ് ആലപിച്ച ഗാനം പുനരാവിഷ്‌കരിച്ചത് ബിജു നാരായണന്റെ ശബ്ദത്തിലാണ്.

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തമിഴ് നടി ഗായത്രി ശങ്കർ, ബസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് ടി കുരുവിളയാണ് നിർമ്മാണം. കുഞ്ചാക്കോ ബോബൻ, ഷെറിൽ റേച്ചൽ സന്തോഷ് എന്നിവർ സഹനിർമ്മാതാക്കളാണ്. കാസർകോട് ജില്ലയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here