കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണമോ പലിശയോ നൽകുന്നില്ലെന്ന പരാതിയുമായി കൂടുതൽ നിക്ഷേപകർ രംഗത്ത്

0

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണമോ പലിശയോ നൽകുന്നില്ലെന്ന പരാതിയുമായി കൂടുതൽ നിക്ഷേപകർ രംഗത്ത്. 60 ലക്ഷം രൂപ നിക്ഷേപിച്ച കരുവന്നൂർ സ്വദേശി സഹദേവന് മക്കളുടെ പഠനത്തിന് നിക്ഷേപമോ പലിശയോ ബാങ്ക് അധികൃതർ നൽകിയില്ലെന്നാണ് പരാതി. 60 ലക്ഷം നിക്ഷേപിച്ച തനിക്ക് പണം തിരികെ ചോദിച്ചപ്പോൾ ഒരുവർഷംകൊണ്ട് ലഭിച്ചത് മൂന്ന് ലക്ഷം രൂപ മാത്രമാണെന്നും സഹദേവൻ പറയുന്നു.

’35 വർഷത്തോളം ഗൾഫിൽ ജോലി ചെയ്താണ് മടങ്ങിയെത്തിയത്. സമ്പാദിച്ച തുകയിൽ അത്യാവശ്യ കാര്യങ്ങൾ കഴിഞ്ഞുള്ള ബാക്കിതുക ബാങ്കിൽ വിശ്വസിച്ചാണ് നിക്ഷേപിച്ചത്. ബാങ്കിലെ മുൻ സെക്രട്ടറി സുനിൽകുമാറായി വലിയ പരിചയമുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും പണം വീട്ടിലെത്തിക്കാമെന്നെല്ലാമാണ് അന്നവർ പറഞ്ഞത്. തുടക്കത്തിൽ മാത്രം പണം കിട്ടി. പിന്നീട് ആവശ്യത്തിന് പോലും പണം ബാങ്കിൽനിന്ന് കിട്ടാതായി’, സഹദേവൻ പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെക്കിട്ടാഞ്ഞതിനെത്തുടർന്ന് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തിന് പിന്നാലെയാണ് കൂടുതൽ പേർ പ്രതിഷേധവുമായി എത്തുന്നത്. അതേസമയം, കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നുമാണ് മന്ത്രിയും സ്ഥലം എംഎൽഎയുമായ ആർ ബിന്ദു വ്യാഴാഴ്ച വിശദീകരിച്ചത്. മരിച്ച ഫിലോമിന ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് ആവശ്യമായ പണം അടുത്തിടെ ബാങ്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here