മണിചെയിന്‍ തട്ടിപ്പ്; ഒരു യുവാവിനെ കൂടി കാണാതായി, പണം നഷ്ടപ്പെട്ടത് നൂറുകണക്കിനാളുകള്‍ക്ക്

0

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നൂറുകോടിയുടെ മണിചെയിന്‍ തട്ടിപ്പു സംഭവത്തില്‍ ദുരൂഹതമുറുകുന്നു. മണിചെയിന്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ യുവാവിനെ കാണാതായ സംഭവത്തിനു പുറകെ ഏജന്റായി പ്രവര്‍ത്തിച്ച മറ്റൊരു യുവാവിനെ കൂടി കാണാതായെന്ന പരാതി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. നൂറുകോടിയിലധികം രൂപ തട്ടിപ്പു നടത്തി മുങ്ങിയ യുവാവിന്റെ പാര്‍ട്ണറായി പ്രവര്‍ത്തിച്ചയാളെ കാണാനില്ലെന്ന മാതാവിന്റെ പരാതി തളിപ്പറമ്പ് പോലീസ് ഊര്‍ജിതമായി അന്വേഷിച്ചു വരികയാണ്. തളിപ്പറമ്പ് നഗരസഭയിലെ മഴൂരിലെ കുന്നുംപുറത്ത് പുതിയ പുരയില്‍ ടി പി സുഹൈറിനെ (26) ആണ് കഴിഞ്ഞ ജൂലായ് 23 മുതല്‍ കാണാനില്ലെന്ന് മാതാവ് തറച്ചാണ്ടിലകത്ത് വീട്ടില്‍ ആത്തിക്ക പരാതി നല്‍കിയത്.

23 ന് രാവിലെ വീട്ടില്‍ നിന്നും പോയ സുഹൈര്‍ 24 ന് ഫോണ്‍ വിളിച്ച് തളിപ്പറമ്പിലുണ്ടെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞുവെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു പരാതിയില്‍ പറയുന്നു. സുഹൈര്‍ പണം തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചയാളുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

സുഹൈറിനെ പണം നഷ്ടപ്പെട്ടതില്‍ പ്രകോപിതരായ ആരെങ്കിലും തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടെ തളിപ്പറമ്പില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പു നടത്തിയ യുവാവ് നിക്ഷേപകരില്‍ നിന്നും നൂറുകോടിയോളം തട്ടി വിദേശത്തേക്ക് മുങ്ങിയ സംഭവം തളിപ്പറമ്പില്‍ പുകഞ്ഞുകൊണ്ടേയിരിക്കുകയാണ്. തളിപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെയാണ് വ്യാപകമായ തട്ടിപ്പ് ആരോപണമുയര്‍ന്നത്.

Leave a Reply