കള്ളപ്പണം വെളുപ്പിക്കല്‍ കേസ്‌ : ബിഷപ്പിന്റെ യു.കെ. യാത്ര തടഞ്ഞ്‌ ഇ.ഡി

0

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട്‌ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അനേ്വഷണം നേരിടുന്ന സി.എസ്‌.ഐ ദക്ഷിണ കേരള ഇടവക ബിഷപ്പ്‌ ധര്‍മ്മരാജ്‌ റസാലത്തിന്റെ വിദേശയാത്ര എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്‌ഥര്‍ നാടകീയമായി തടഞ്ഞു. രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച്‌ മടക്കി. പാസ്‌പോര്‍ട്ട്‌ പിടിച്ചെടുത്തു.
സഭാ മേലാധ്യക്ഷന്മാരുടെ യോഗം യു.കെയില്‍ ചേരുകയാണ്‌. ഇതില്‍ പങ്കെടുക്കാനാണ്‌ ബിഷപ്‌ ധര്‍മരാജ്‌ റസാലം തിങ്കളാഴ്‌ച രാത്രി വിമാനത്താവളത്തില്‍ എത്തിയത്‌. എമിഗ്രേഷന്‍ വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി (ഇ.ഡി) ന്റെ നോട്ടീസ്‌ ബിഷപ്പിനെ കാണിച്ചു. അനേ്വഷണം നേരിടുന്നയാളായതിനാല്‍ യാത്ര അനുവദിക്കില്ലെന്നും മടങ്ങണമെന്നും ആവശ്യപ്പെട്ടു.
ബിഷപ്പ്‌ ഇന്ന്‌ ഇ.ഡി ഉദ്യോഗസ്‌ഥരുടെ മുന്നില്‍ ഹാജരാകും. പ്രതിപ്പട്ടികയിലുള്ളവര്‍ രാജ്യം വിടരുതെന്ന്‌ ഇ.ഡി ഉദ്യോഗസ്‌ഥര്‍ സി.എസ്‌.ഐ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു.
പ്ര?ട്ടസ്‌റ്റന്റ്‌ സഭകളുടെ മേലധ്യക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യു.കെയിലേക്കു പോകാന്‍ എത്തിയതായിരുന്നു ബിഷപ്‌.
സി.എസ്‌.ഐ ദക്ഷിണകേരള മഹാ ഇടവക ആസ്‌ഥാനത്തും സഭാ സെക്രട്ടറി ടി.ടി. പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ്‌ ഡയറക്‌ടര്‍ ബെന്നറ്റ്‌ എബ്രഹാം എന്നിവരുടെ വസതികളും ഓഫീസുകളും ഉള്‍പ്പെടെ നാലിടത്ത്‌ കഴിഞ്ഞ ദിവസം ഇ.ഡി 13 മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ അനുകൂലമായ നിലപാട്‌ സി.എസ്‌.ഐ സഭ സ്വീകരിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ്‌ ഇ.ഡിയിലൂടെ ബി.ജെ.പി നടത്തുന്നതെന്ന്‌ ബിഷപ്പ്‌ അനുകൂലികള്‍ പറയുന്നു.
തലവരിപ്പണം സംബന്ധിച്ച്‌ അന്തരിച്ച മുന്‍ മന്ത്രി വി.ജെ. തങ്കപ്പന്റെ മകന്‍ വി.ടി. മോഹനനാണ്‌ പരാതി നല്‍കിയത്‌. വെള്ളറട പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ ഇ.ഡി രംഗത്തെത്തിയത്‌.
ബിഷപ്പിനെതിരേ ക്രൈം ബ്രാഞ്ച്‌ അനേ്വഷണം തുടരുകയാണ്‌. സഭാ നേതൃത്വത്തെ കളങ്കപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമാണിതെന്ന്‌ പാസ്‌റ്ററല്‍ ബോര്‍ഡ്‌ സെക്രട്ടറി ഫാ. ജയരാജ്‌ പറഞ്ഞു.

Leave a Reply