അംഗണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും; 61.5 കോടിയുടെ ‘പോഷക ബാല്യം’ പദ്ധതി

0

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് 12ന് ഡി.പി.ഐ ജവഹര്‍ സഹകരണ ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.

പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അംഗണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അംഗണവാടികളിലും പദ്ധതി നടപ്പാക്കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ് പദ്ധതി. അംഗണവാടിയിലെ മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുള്ള നാലു ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവും ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അംഗണവാടി വഴി നല്‍കുന്നത്. ഇതില്‍ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, ആറു മാസം മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അംഗണവാടികളിലൂടെ അനുപൂരക പോഷകാഹാരം നല്‍കി വരുന്നു. ഇത് കൂടാതെയാണ് അംഗണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here