മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല ഗോട്ട്! ആഫ്രിക്കയുടെ ഈ താരത്തെ അറിയാതെ പോകരുത്

0

ലയണല്‍ മെസ്സിയാണോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഫുട്‌ബാളിലെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം) എന്ന സംവാദം തുടരുകയാണ്. യുവെന്റസിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ സ്റ്റീഫന്‍ അപ്പിയയോട് ആരാണ് മികച്ചത് എന്ന് ചോദിച്ചപ്പോള്‍ മറുപടി രസകരമായിരുന്നു. പി.എസ്.ജിയുടെ മുന്‍ നൈജീരിയന്‍ സൂപ്പര്‍ താരം ജെ ജെ ഒകോച എന്നായിരുന്നു അപ്പിയ ട്വിറ്ററില്‍ മറുപടി നല്‍കിയത്.
റൊണാള്‍ഡീഞ്ഞോയുടെ ആരാധകനായ സ്റ്റീഫന്‍ അപ്പിയയോട്, റൊണാള്‍ഡീഞ്ഞോ കഴിഞ്ഞാല്‍ ആരെന്നായിരുന്നു ചോദ്യം. പലരും കരുതിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരില്‍ ഒരാളിലേക്ക് അപ്പിയ വിരല്‍ ചൂണ്ടുമെന്നായിരുന്നു. പക്ഷേ, ഒകോച എന്നായിരുന്നു മറുപടി. തുര്‍ക്കി ക്ലബ് ഫെനര്‍ബഷെ, ഫ്രാന്‍സില്‍ പി.എസ്.ജി, പ്രീമിയര്‍ ലീഗില്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ് ക്ലബുകളില്‍ മികച്ച കരിയര്‍ ആസ്വദിച്ച താരമാണ് ഒകോച.

അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ കളിക്കളം അടക്കി വാണ ഒകോച 492 മത്സരങ്ങളില്‍ നിന്ന് 101 ഗോളുകള്‍ നേടി. 53 ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തു. 2004 ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ടോപ് സ്‌കോററായിരുന്നു. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവുമാണ്. യൂറോപ്യന്‍ ഫുട്‌ബാളില്‍ കളിച്ച ആഫ്രിക്കന്‍ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് ഒകോചയെന്ന് നിസംശയം പറയാം.
ലോകഫുട്‌ബാളിലെ മികച്ച താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആഫ്രിക്കന്‍ താരങ്ങള്‍ പുറന്തള്ളപ്പെട്ടു പോകാറുണ്ട്. മെസ്സി-ക്രിസ്റ്റ്യാനോ ഗോട്ട് സംവാദത്തെ മുഖവിലക്കെടുക്കുന്നില്ലെന്ന സൂചനയാണ് മുന്‍ യുവെന്റസ് താരമായിരുന്ന സ്റ്റീഫന്‍ അപ്പിയ നല്‍കിയ മറുപടി.
പതിനാറ് വര്‍ഷം ബാഴ്‌സലോണയില്‍ കളിച്ച മെസ്സി ഏഴ് ബാലണ്‍ ഡി ഓർ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്ററിലും റയല്‍ മാഡ്രിഡിലും യുവെന്റസിലുമായി കരിയര്‍ മുന്നോട്ട് കൊണ്ട പോയ ക്രിസ്റ്റ്യാനോ അഞ്ച് ബാലണ്‍ ഡി ഓർ ജേതാവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here