പ്രവീൺ നെട്ടാരു വെട്ടേറ്റു മരിച്ച സംഭവത്തിൽ അക്രമികൾക്കു മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ

0

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു (32) വെട്ടേറ്റു മരിച്ച സംഭവത്തിൽ അക്രമികൾക്കു മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും തടയാൻ ഉത്തർപ്രദേശിലെ ‘യോഗി മോഡൽ’ കർണാടകയിലും നടപ്പാക്കാൻ മടിക്കില്ലെന്നു ബൊമ്മ മുന്നറിയിപ്പു നൽകി. പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി കർണാടകയിലെ ബിജെപി എംഎൽഎ എംപി രേണുകാചാര്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആവശ്യമെങ്കിൽ ‘യോഗി മോഡൽ’ സ്വീകരിക്കുമെന്ന് ബൊമ്മ മുന്നറിയിപ്പു നൽകിയത്.

‘ഉത്തർപ്രദേശിൽ ഇത്തരം സാഹചര്യങ്ങൾ തക്കതായ രീതിയിൽ കൈകാര്യം ചെയ്ത മുഖ്യമന്ത്രിയാണു യോഗി ആദിത്യനാഥ്’ – യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ സംസ്ഥാനത്ത് നടക്കുന്ന വ്യാപക പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘‘ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞാൻ ഇരയായ യുവാവിന്റെ കുടുംബത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. പ്രതികളെ ഏറ്റവും വേഗത്തിൽ പിടികൂടി അവർക്ക് ഉചിതമായ ശിക്ഷ നൽകുമെന്ന കാര്യം സർക്കാർ ഉറപ്പാക്കും’ – ബസവരാജ് ബൊമ്മ പറഞ്ഞു. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് ബസവരാജ് ബൊമ്മ സന്ദർശിച്ചിരുന്നു. 25 ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിനു കൈമാറി.

അതേസമയം, പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേർ ഇതിനകം അറസ്റ്റിലായി. സുള്ള്യ ബെള്ളാരി സ്വദേശി ഷഫീക്ക് (27), സവണൂരു സ്വദേശി സാക്കിർ (29) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണു സൂചന. ഇവരെ കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

നേരത്തെ, ട്വിറ്ററിലൂടെയാണു പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ വധിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെട്ടത്. ‘‘ഹിന്ദു സഹോദരൻമാർ കൊല്ലപ്പെടുമ്പോഴെല്ലാം നാം സ്ഥിരമായി അതിനെ അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ട് മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ, കുറ്റവാളികളായവരെ തെരുവിൽവച്ച് എൻകൗണ്ടറിലൂടെ വധിക്കണം’ – എംഎൽഎ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here