കെ-ഫോണിന് ഐ.എസ്.പി ലൈസൻസ്; സംസ്ഥാനത്തിനുള്ളിൽ ഇന്‍റർനെറ്റ് സേവനം നൽകാൻ അനുമതി

0

തിരുവനന്തപുരം∙ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ ഫോൺ) ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് (ഐഎസ്പി) ലഭിച്ചു. ലൈസൻസ് ലഭിച്ചതോടെ ഏതു വ്യക്തിക്കും സ്ഥാപനത്തിനും ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള നിയമപരമായ അധികാരം കെ ഫോണിനുണ്ടാകും. ഇതു സംബന്ധിച്ചു ടെലികോം മന്ത്രാലയവുമായി കെ ഫോൺ കരാറിൽ ഒപ്പിട്ടതോടെ വൻകിട ടെലികോം കമ്പനികളിൽനിന്നു ബാന്‍ഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി സേവനം നൽകാനാകും. ഇന്റർനെറ്റ് സേവനദാതാക്കളുടെ വിപണി മത്സരത്തിലേക്കാണ് കെ ഫോണും എത്തുന്നത്. ഒരു വർഷത്തേക്കു ബാൻഡ് വിഡ്ത് ലഭ്യമാക്കാനുള്ള ടെൻഡറിൽ ബിഎസ്എൻഎൽ ആണ് ഒന്നാമത് എത്തിയത്. അഞ്ച് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്.
ഗുണഭോക്താക്കൾ ഇന്റർനെറ്റ് സേവനദാതാക്കളെ ആശ്രയിക്കണമെന്നും കെ ഫോൺ ഐഎസ്പി ആകില്ലെന്നുമായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ, സർക്കാർ ഓഫിസുകൾക്കു കണക്‌ഷൻ നൽകുമ്പോഴും ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ സേവനം നൽകുമ്പോഴുമുള്ള സാമ്പത്തിക ബാധ്യത മറികടക്കാൻ വരുമാനമുണ്ടാക്കാനാണ് ഐഎസ്പി ലൈസൻസിന് അപേക്ഷ നൽകിയത്.

കെ ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് നേരത്തേ ലഭിച്ചിരുന്നു. കേന്ദ്ര ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക റജിസ്ട്രേഷൻ പ്രകാരം കെ ഫോണിനു ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റു അവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകാനോ വിൽക്കോനോ ഉള്ള അധികാരമുണ്ടായിരിക്കും.

കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി കേരള ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് കെ ഫോൺ. പദ്ധതി പൂർ‌ത്തിയാകുമ്പോൾ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 ബിപിഎൽ കുടുംബങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്നാണു വാഗ്ദാനം.

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുദേശിച്ച് എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഈ സർക്കാർ കേരളത്തിന് നൽകുന്ന വലിയ ഉറപ്പ് കൂടിയാണ് ഈ പദ്ധതി. അവശ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപ്പറേറ്റ് അധിപത്യത്തിനെതിരെയുള്ള ജനകീയ ബദൽ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here