ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ ഇതുവരെ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് സൂചന

0

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ ഇതുവരെ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് സൂചന. ഇന്നലെ ഉച്ചയോടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് നല്‍കിയ ഉറപ്പ് അദ്ദേഹം ലംഘിച്ചു. ഇന്ന് സ്വകാര്യ വിമാനത്തില്‍ അദ്ദേഹം മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഗോട്ടബായയും കുടുംബവും കൊളംബോ വിമാനത്താവളത്തില്‍ നിന്നും സൈനിക ഹെലികോപ്ടറില്‍ മാലിദ്വീപിലേക്ക് കടന്നത്.

ഗോട്ടബായ രാജ്യം വിട്ടതും പ്രധാനമന്ത്രി റിനില്‍ വിക്രെമെസിന്‍ഹെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റതും പ്രക്ഷോഭകാരികളെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു. അവര്‍ പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും വളയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ സൈന്യം കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചിട്ടും പ്രയോജമുണ്ടായില്ല. പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ടെലിവിഷന്‍ ചാനല്‍ ആയ ‘രൂപവാഹിനി കോര്‍പറേഷന്‍’ ഓഫീസും കയ്യേറിയിരുന്നു. ഇതേതുടര്‍ന്ന് കുറച്ചുസമയം ടെലിവിഷന്‍ സംപ്രേഷണവും തടസ്സപ്പെട്ടു. പ്രക്ഷോഭകാരികളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം സ്പീക്കറോട് ആക്ടിംഗ് പ്രസിഡന്റ് ആയി ചുമതലയേല്‍ക്കാനും പ്രധാനമന്ത്രിയോട് സ്ഥാനമൊഴിയാനും നിര്‍ദേശിച്ചിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. ജൂലായ് 20ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രക്ഷോഭകാരികള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ജനങ്ങളും.

ഇരുപക്ഷത്തിനും സ്വീകാര്യനായ ഒരാളെ പുതിയ പ്രധാനമന്ത്രിയായി നിര്‍ദേശിക്കാന്‍ റിനില്‍ വിക്രെഃെമസിന്‍ഹെ സ്പീക്കര്‍ മഹിന്ദ യപ അബെവര്‍ധനയ്ക്ക് നിര്‍ദേശം നല്‍കി.

അഴിമതിയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും അടക്കമുള്ള വിഷയങ്ങളാണ് ജനത്തെ തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം കൊളംബോ കീഴടക്കിയ പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരമടക്കം കയ്യേറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here